അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ; വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ
അട്ടപ്പാടി മേഖലയിലുണ്ടായ നവജാത ശിശുമരണങ്ങളുടെ കാരണങ്ങൾ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പാലക്കാട് : അട്ടപ്പാടി മേഖലയിലുണ്ടായ നവജാത ശിശുമരണങ്ങളുടെ കാരണങ്ങൾ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് പ്രത്യേക വിദഗ്ധ സംഘങ്ങളെ ഇതിനായി നിയോഗിക്കണമെന്നും, മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ ഇടപെടൽ.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് നവജാത ശിശുക്കൾ ഉൾപ്പെടെ മരിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. തുടർച്ചയായുണ്ടായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ മാതൃ-ശിശു ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തെ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങളും അധികൃതർ വിലയിരുത്തിയിരുന്നു.