തന്നെ അധിക്ഷേപിച്ച ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി അതിജീവിത

 

തന്റെ സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചുകൊണ്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതെന്ന് അതിജീവിത പറയുന്നു.

 

തനിക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണമെന്നാണ് ആവശ്യം.


ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി നല്‍കി അതിജീവിത. തനിക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വൈസ് പ്രസിഡന്റ് അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് അതിജീവിത പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസിലും അതിജീവിത പരാതി നല്‍കിയിരുന്നു.

തന്റെ സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചുകൊണ്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതെന്ന് അതിജീവിത പറയുന്നു. താന്‍ കടുന്നുപോകുന്ന മാനസിക, ശാരീരിക സംഘര്‍ഷങ്ങളെയോ തന്റെ പരാതിയുടെ ഉള്ളക്കടത്തെയോ കൃത്യമായി മനസിലാക്കാതെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. നിയമപരമായ സംരക്ഷണമുണ്ടെന്നിരിക്കെ തന്റെ വ്യക്തിത്വം വെളിപ്പെടുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ ജീവന് തന്നെ ഭീഷണിയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ശ്രീനാദേവി കുഞ്ഞമ്മയെയും അവരെ പിന്തുണയ്ക്കുന്നവരെയും തന്നെ ആക്രമിക്കുന്നതില്‍ നിന്നും അപമാനിക്കുന്നതില്‍ നിന്നും തടയണം. ലൈംഗിക പീഡകരെയും അതിജീവിതരെ വേദനിപ്പിക്കുന്നവരെയും കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അതിജീവിത പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഇന്നലെയായിരുന്നു അതിജീവിത പൊലീസില്‍ പരാതി നല്‍കിയത്. ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ത്രീക്ക് ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്ന് അതിജീവിത പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ പിന്‍വലിക്കുകയും ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും വേണം. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണം വേണം. തന്റെ സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം ഒരുക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതിനൊപ്പം അതിജീവിതമാര്‍ നല്‍കിയ പരാതികളില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ ഉന്നയിച്ച ആവശ്യം. താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു.