മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണർ
ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു.
കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്. ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാരത്തോണിന്റെ മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പ്രവര്‍ത്തിക്കും.
സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില്‍ സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളില്‍ തയാറാക്കിയപോലെ, മാരത്തോണ്‍ ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ ബേസ് ക്യാമ്പും കടന്നുപോകുന്ന മറ്റു പ്രധാന പ്രദേശങ്ങളില്‍ സബ്-മെഡിക്കല്‍ സ്റ്റേഷനുകളും ക്ലിയോസ്‌പോര്‍ട്‌സുമായി ചേര്‍ന്ന് കൊണ്ട് സജ്ജീകരിക്കും. മാലിന്യ തോത് കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മെഡിക്കല്‍ പങ്കാളിയായി മൂന്നാം തവണയും ആസ്റ്റര്‍ മെഡ്സിറ്റി എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍, എം.ആർ.കെ ജയറാം എന്നിവര്‍ പറഞ്ഞു. ഓട്ടക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചാല്‍ ഉടനടി കൃത്യമായ ചികിത്സ നല്‍കുവാനും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും മെഡിക്കല്‍ പങ്കാളി അനിവാര്യമായ ഘടകമാണ്.
ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സാന്നിധ്യം ഓട്ടക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.