താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്ത് അസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

 

 കൊച്ചി : താനൂര്‍ ബോട്ട് അപകടത്തിൽപ്പെട്ട് അസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ചികത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടേയും ചികിത്സാചെലവുകള്‍ അസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കും. പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം  വിനോദയാത്രാ ബോട്ട് മറിഞ്ഞ് അഞ്ച്(5) കുട്ടികളടക്കം 8 പേരെയാണ് അസ്റ്റര്‍ മിംസ് കോട്ടക്കലില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 4 കുട്ടികളുടെ നിലഗുരുതരമായിരുന്നു.

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആരോഗ്യ വിദഗ്ധരുടെ ഒരു ടീമിനേയും ഇതിനായി സജ്ജീകരിച്ചിരുന്നു.

നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാവരും അപകടനില തരണം ചെയ്തുവരുന്നുണ്ട്. ഒരു കുട്ടിയടക്കം രണ്ടുപേർ സുഖം പ്രാപിച്ചു ആശുപത്രി വിടുകയും ചെയ്തു.

ചികിത്സയിൽ കഴിയുന്ന എല്ലാ രോഗികൾക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്നും ചികിത്സാ ചിലവ് പൂർണമായും ഒഴിവാക്കുമെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഫൗണ്ടർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മറ്റു മന്ത്രിമാർ, രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയവർ ആശുപത്രിയിൽ സന്ദര്‍ശനം നടത്തി ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തി.