പങ്കാളിത്ത പെൻഷന് പകരം ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കും : ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ഡിഎ കുടിശിക ഉൾപ്പെടെയുള്ള ഒരു
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ഡിഎ കുടിശിക ഉൾപ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെക്കില്ലെന്നും ശമ്പള പരിഷ്കരണ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നിലനിൽക്കെത്തന്നെ, പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങാതെ, ജീവനക്കാരുടെ വിഹിതം കൂടി ഉൾപ്പെടുന്ന പുതിയ രീതിയാകും സർക്കാർ സ്വീകരിക്കുക. അവസാന ശമ്പളത്തിന്റെ പകുതി പെൻഷനായി ഉറപ്പുനൽകുന്ന ഈ മാതൃക തമിഴ്നാട് സർക്കാർ നേരത്തെ നടപ്പിലാക്കിയിരുന്നു.
ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് വിവിധ സർവീസ് സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. ഡിഎ അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെൻഷനും ശമ്പള പരിഷ്കരണവും പ്രധാന ചർച്ചാവിഷയമാകാൻ സാധ്യതയുള്ളതിനാൽ, ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പുതിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.