നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ; പലയിടത്തും അക്രമത്തിലേക്ക് വഴിമാറി

വണ്ടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാറിന്റെ പര്യടനത്തിനിടെയാണ് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉദിരംപൊയിലില്‍ ഏറ്റുമുട്ടിയത്.

 

കണ്ണൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പുകയുന്നു. മലപ്പുറത്ത് യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍, കണ്ണൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു.

വണ്ടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാറിന്റെ പര്യടനത്തിനിടെയാണ് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉദിരംപൊയിലില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണം നിലനിന്നിരുന്നു. കാലുവാരി എന്ന് ആരോപിച്ച്, പ്രചാരണത്തിനെത്തിയത് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തുകരുമായി സംഘര്‍ഷമുണ്ടായി.

സംഘര്‍ഷം രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാര്‍ വാഹനത്തില്‍ നിന്നിറങ്ങാതെ മൈക്കിലൂടെ സംസാരിച്ച് വേഗത്തില്‍ മടങ്ങി. അതേസമയം, തളിപ്പറമ്പ് മലപ്പട്ടത്ത് യുഡിഎഫിന്റെ എല്‍ഇഡി വാള്‍ വഴിയുള്ള പ്രചരണം സിപിഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതായി പരാതിയുയര്‍ന്നു. ഇത് ചോദ്യം ചെയ്ത യുഡിഎഫ് പ്രവര്‍ത്തകരായ അനസ് നമ്പറം, അബ്ദുല്‍ റസാഖ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.