തൃശ്ശൂരിൽ മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ
May 9, 2024, 13:30 IST
തൃശൂർ: അസം സ്വദേശിയിൽനിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും പിടികൂടി. പെരിങ്ങാവ് ഭാഗത്ത് ലഹരി വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ വിയ്യൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി മുക്സിദുൾ അലം (24) പിടിയിലായത്.
പ്രതിക്കെതിരെ മുമ്പും വിയ്യൂർ പൊലീസ് സ്റ്റേഷനിൽ സമാന കേസുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ വിയ്യൂർ സബ് ഇൻസ്പെക്ടർ കെ. വിവേക് നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്രഹാം, സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർമാരായ എൻ.ജി സുവ്രതകുമാർ, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, അസി. സബ് ഇൻസ്പെക്ടർ മോഹൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശരത്ത്, സുജിത്ത്, വിപിൻ, കെ.വി. വിമൽ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.