മികച്ച ഫുട്ബോളറായി രാജ്യത്തിനായി ബൂട്ട് അണിയണമെന്ന സ്വപ്‌നം ബാക്കിയാക്കി അഷ്‌മിൽ മടങ്ങി..
മലപ്പുറം (പാണ്ടിക്കാട്): നാടിന്റെ നൊമ്പരമായി മാറുകയാണ് നിപ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ അഷ്‌മിൽ ഡാനിഷ്. മികച്ച ഫുട്ബോളറായി രാജ്യത്തിനായി ബൂട്ട് അണിയണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് അഷ്‌മിൽ വിടപറഞ്ഞത്. 140-ാം നമ്പർ ജഴ്സിയിൽ കളിയ്ക്കാൻ ഇനി അഷ്‌മിൽ ഇല്ല എന്നത് നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തുന്നു.
അഷ്‌മിൽ ഡാനിഷ് എന്ന കൗമാരക്കാരന് കാൽപന്തുകളി ജീവനായിരുന്നു. ചെറുപ്പം മുതലെ ചെമ്പ്രശ്ശേരി ഈസ്റ്റ് സ്‌കൂൾ ഗ്രൗണ്ടിൽ പന്തുതട്ടി തുടങ്ങിയ അഷ്‌മിൽ കളിക്കളത്തിലെ മിന്നും താരമായിരുന്നു. രാജ്യത്തിനുവേദി കളിക്കണമെന്ന് കടുത്ത ആഗ്രഹത്താൽ ചെമ്പ്രശ്ശേരിയിലെ സി.എഫ്.എ ഫുട്ബോൾ അക്കാദമിയിലും പന്തലൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഫുട്ബോൾ ക്യാമ്പിലും പരിശീലനം നടത്താറുണ്ടായിരുന്നു അഷ്‌മിൽ.
സി.എഫ്.എ ഫുട്ബോൾ അക്കാദമിക്കു വേണ്ടി നിരവധി തവണ ബൂട്ട് അണിഞ്ഞിട്ടുണ്ട്. അക്കാദമിയുടെ പ്ലെയർഓഫ് ദ മന്ത് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഫുട്ബോളറാവാൻ നിരന്തരം കഠിന പരിശ്രമം ചെയ്തിരുന്നു ഈ കൗമാരക്കാരൻ. അഷ്മിലിന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല സി.എഫ്.എ ഫുട്ബോൾ അക്കാദമിയിലെ ഹെഡ് കോച്ച് അഫീഫിന്. പഠനത്തിലും മികവ് പുലർ ത്തിയിരുന്ന വിദ്യാർഥിയായിരുന്നു അഷ്‌മിൽ ഡാനിഷെന്ന് പന്തലൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും വേദനയോടെ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നിപ ബാധിച്ച് ചികിത്സയിലായിരുന്ന അഷ്‌മിൽ മരണപ്പെട്ടത്. ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ അഷ്മിൽ സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം.