കാമുകിയായ അസാമി വ്ളോഗറെ കുത്തിക്കൊലപ്പെടുത്തിയ കേസ് ; പ്രതിയായ കണ്ണൂർ സ്വദേശി ആരവ് ഉത്തരേന്ത്യയിൽ കസ്റ്റഡിയിൽ
ബംഗ്ളൂര് ഇന്ദിരാ നഗറിൽ അസാമീസ് വ്ളോഗറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ തോട്ടട കിഴുന്ന സ്വദേശി ആരവ് അനയിനെ ബംഗ്ളൂര് പൊലിസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ : ബംഗ്ളൂര് ഇന്ദിരാ നഗറിൽ അസാമീസ് വ്ളോഗറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ തോട്ടട കിഴുന്ന സ്വദേശി ആരവ് അനയിനെ ബംഗ്ളൂര് പൊലിസ് കസ്റ്റഡിയിലെടുത്തു.
ഉത്തരേന്ത്യയിൽ നിന്നാണ് ഇയാൾ കസ്റ്റഡിയിലായത്. തോട്ടട കിഴുന്നയിലെ ചില ബന്ധുക്കളെ ഫോൺ ചെയ്തതിൽ നിന്നുമാണ് ഉത്തരേന്ത്യയിൽ ആരവ് ഉണ്ടെന്ന് മൊബെൽ ടവർ ലൊക്കെഷൻ നോക്കി മനസിലാക്കിയത്. ഇതിനു ശേഷം ആരവ് കീഴടങ്ങാൻ പൊലിസിനോട് സന്നദ്ധത അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരവിനെ തേടി കിഴുന്നയിലെ വീട്ടിലും വട്ടക്കുളത്തെ ബന്ധുവീട്ടിലും തെരച്ചിൽ നടത്തിയിരുന്നു. ആരവിൻ്റെ കിഴുന്നയിലുള്ള വീട്ടിൽ കാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണുള്ളത്.
അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ആരവ് മജസ്റ്റിക്കിലെത്തിയതായി സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു.
ബെംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും രണ്ട് അന്വേഷണ സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലർച്ച വരെ ആരവും അപ്പാർട്ട്‌മെന്റിൽ ഉളളതായാണ് വിവരം. യൂട്യൂബിൽ ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കിട്ടിരിക്കുന്നത്.
പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. ആരവിൻ്റെ അറസ്റ്റു ഉടൻ രേഖപ്പെടുത്തുമെന്ന വിവരമുണ്ട്.