ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം: കൊട്ടിയത്ത് ആറുപേർ അറസ്റ്റിൽ
കൊട്ടിയം: കൊട്ടിയത്ത് ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലെ ഫ്ളോട്ടിനു മുൻപിൽ നൃത്തംചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ. മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസിനെ ശനിയാഴ്ച രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്. അക്രമികളെ ഒളിപ്പിച്ച യുവാവും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെടെ ആറുപേരെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
കിഴവൂർ സ്വദേശികളായ ആദിത്യൻ (19), വിനു (26), പ്രിജിത്ത്, അഖിൽരാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്; ശനിയാഴ്ച രാത്രി 8.30-ന് മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം. പ്രതികളുടെ വീടിനു സമീപത്തുകൂടി കെട്ടുകാഴ്ചകൾ കടന്നുപോകവേ ഫ്ലോട്ടിനു മുൻപിൽ നൃത്തം കളിക്കുകയായിരുന്ന തേജസ് അക്രമികളിൽ ഒരാളുടെ കാലിൽ അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിനു കാരണം.
പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും ചേർന്ന് തേജസിനെ വളഞ്ഞിട്ടു മർദിക്കുകയും കൈവശം കരുതിയിരുന്ന കത്തികൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും മൂന്നുതവണ ആഞ്ഞുകുത്തുകയുമായിരുന്നു. സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒരാൾ തേജസിനെ കുത്തുന്നതിനായി പിടിച്ചുെവച്ചു കൊടുത്തതുകാരണം ഓടിമാറി രക്ഷപ്പെടാനുമായില്ല.
കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഒട്ടേറെ ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽ.ഇ.ഡി. കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ അക്രമവും തേജസിന്റെ നിലവിളിയും ആരും കേട്ടില്ല. അക്രമത്തിനുശേഷം സംഘം നിമിഷനേരംകൊണ്ട് കടന്നു. കെട്ടുകാഴ്ചകൾ കടന്നുപോയശേഷമാണ് റോഡിൽ രക്തംവാർന്നുകിടക്കുന്ന തേജസിനെ കൂട്ടുകാർ കണ്ടത്.
ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും വാഹനങ്ങൾ നിർത്തിയില്ല. ഏറെക്കഴിഞ്ഞ് അതുവഴി ഐസ് കൊണ്ടുവന്ന പിക്കപ്പ് ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും 11.30-ഓടെ തേജസ് മരിച്ചു. രാത്രിതന്നെ പോലീസ് പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
ചാത്തന്നൂർ എ.സി.പി. അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്.ഐ. കെ. സൗരവ്, സി.പി.ഒ. ഹരീഷ്, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘം പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നാലരയോടെ വെളിച്ചിക്കാലയിലെ അഖിൽരാജിന്റെ വീട്ടിൽനിന്ന് അഞ്ചുപേരെ പിടികൂടി.