മലപ്പുറത്ത് മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം അറസ്റ്റിൽ

പുത്തനത്താണിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റേഞ്ച് ഫ്‌ലയിങ് സ്‌ക്വാഡും കാളികാവ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ വലിയ ആനക്കൊമ്പ് വേട്ടയാണിത്.

 

 മലപ്പുറം : പുത്തനത്താണിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റേഞ്ച് ഫ്‌ലയിങ് സ്‌ക്വാഡും കാളികാവ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ വലിയ ആനക്കൊമ്പ് വേട്ടയാണിത്. കഴിഞ്ഞ ദിവസം കോഴിക്കോടും സമാന രീതിയിൽ ആറംഗ സംഘം പിടിയിലായിരുന്നു.

വയനാട് മേപ്പാടി സ്വദേശി ഫൈസൽ ചോലക്കൽ, തിരൂർ ആലത്തിയൂർ സ്വദേശികളായ ജംഷീർ തറയിൽ, അബ്ദുൽ ജബ്ബാർ തറയിൽ, തിരൂർ സ്വദേശി ഷോബിഷ് വെട്ടാത്, പുത്തനത്താണി സ്വദേശികളായ അബ്ദുൽ സമീർ ബാബു, ഷെമീർ രായംമരക്കാർ, സുബൈർ നെടുവംചേരി എന്നിവരാണ് അറസ്റ്റിലായത്. പുത്തനത്താണി-തിരുനാവായ റോഡിൽ വച്ച് രണ്ട് കാറുകളിലായി ആനക്കൊമ്പ് കടത്താൻ ശ്രമിക്കവേയാണ് വനംവകുപ്പ് സംഘം ഇവരെ തടഞ്ഞു നിർത്തി പിടികൂടിയത്.

പ്രതികളിൽ നിന്ന് മൂന്നര കിലോ തൂക്കമുള്ള ഒരു ആനക്കൊമ്പിന് പുറമേ, കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും ഒരു പിസ്റ്റളും രണ്ട് കത്തികളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ ആനക്കൊമ്പിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വന്യജീവി വേട്ടക്കാരെക്കുറിച്ചും വനംവകുപ്പ് ഉന്നതതല അന്വേഷണം ആരംഭിച്ചു. കേരളത്തിൽ വർദ്ധിച്ചുവരുന്ന വന്യജീവി കടത്തുകളും വേട്ടയാടലുകളും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.