ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം ; 3 പേർ അറസ്റ്റിൽ

 

ഇടുക്കി: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ ഇടുക്കി മുരിക്കാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. 2023 ഏപ്രിൽ മാസം മുതൽ പലരിൽ നിന്നായി അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. ആൻ്റ് കെ ഗ്ലോബൽ സൊല്യൂഷൻസ് എന്ന റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിലായിരുന്നു തട്ടിപ്പ്.

ഊന്നുകല്ല്, കുട്ടമംഗലം സ്വദേശി തളിച്ചിറയിൽ ടികെ കുര്യാക്കോസ്, ഇടുക്കി മുരിക്കാശ്ശേരി ചിറപ്പുറത്ത് സിഎ എബ്രഹാം, എബ്രഹാമിൻ്റെ ഭാര്യ ബീന എബ്രഹാം എന്നിവരെയാണ് മുരിക്കാശ്ശേരി സിഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇടുക്കി മുള്ളരിക്കുട്ടി സ്വദേശി ഫിലിപ്പ് വർഗീസിൻ്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ ഇവർ വാങ്ങിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ടതല്ലാതെ ജോലി കിട്ടിയില്ല. തുടർന്നാണ് ഫിലിപ്പ് പരാതി നൽകിയത്.  ഒന്നാം പ്രതിയായ കുര്യാക്കോസിന്റെ നേതൃത്വത്തിൽ തലക്കോട്, അടിമാലി, മുരിക്കാശേരി എം ആൻറ് കെ ഗ്ലോബൽ സൊല്യൂഷൻസ് എന്ന പേരിൽ റിക്രൂട്ടിംഗ് ഏജൻസി നടത്തിയാണ് തട്ടിപ്പ് നടത്തിയത്.

പണം നൽകിയവർ പരാതിയുമോയി പൊലീസിനെ സമീപിച്ചതോടെ ഇവർ ഓഫീസുകൾ പൂട്ടി മുങ്ങി. ആഴ്ച്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ തൊടുപുഴയിൽ നിന്നും രണ്ടും മൂന്നും പ്രതികളെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആലുവയിൽ നിന്നുമാണ് ഒന്നാം പ്രതി കുര്യാക്കോസിനെ പിടി കൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലധികം ആളുകൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.