ബത്തേരിയിൽ മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തൻകുന്ന് കരപ്പുറത്ത് വീട്ടിൽ കെ.എൻ. വിശ്വംഭര(84)നെയാണ് എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം. മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു എന്നാരോപിച്ചാണ് വിശ്വംഭരൻ മകനെ തടഞ്ഞുനിർത്തി കത്തികൊണ്ട് നെഞ്ചത്ത് കുത്തി കൊല്ലാൻ ശ്രമിച്ചത്. എസ്.ഐ സാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.വി. മുരളിദാസ്, ടി.എം. സജി, സി.പി.ഒ അജ്മൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.