പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഒറ്റപ്പാലത്ത് പ്രവാസി വ്യവസായിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.

 


പാലക്കാട്: ഒറ്റപ്പാലത്ത് പ്രവാസി വ്യവസായിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പനമണ്ണ സ്വദേശികളായ കളത്തില്‍ മഹേഷ് എന്ന മാക്കു (26), മതിയഴക്കാന്‍ കളത്തില്‍ രഞ്ജിത്ത് എന്ന പാപ്പു (28) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. വ്യവസായിയെ, കോതകുറുശിയിലെ താമസക്കാരില്ലാതിരുന്ന വീട്ടില്‍ പാര്‍പ്പിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. മുഖ്യപ്രതികളെല്ലാം നേരത്തേ തന്നെ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടു പോയത്. തിരുമിറ്റക്കോട്ടു വെച്ച് മുഹമ്മദലിയെ ഗുണ്ടാസംഘം പിടികൂടിയത്. മുണ്ടൂരില്‍ വെച്ച്, വ്യവസായിയെ മഹേഷും രഞ്ജിത്തും ഉള്‍പ്പെട്ട സംഘത്തിന് കൈമാറുകയായിരുന്നു. ഇവര്‍ മുഹമ്മദലിയെ കോതകുറുശിയിലെ വീ്ട്ടിലെത്തിച്ചു. എഴുപത് കോടി രൂപ മോചനദ്രവ്യം ലക്ഷ്യമിട്ടാണ് ക്വട്ടേഷന്‍ സംഘം വ്യവസായിയെ തട്ടിക്കൊണ്ടുപോയത് എന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ, മുഹമ്മദലി സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ ക്വട്ടേഷന്‍ സംഘം പിന്തുടരുകയായിരുന്നു. മുഖ്യസൂത്രധാരന്‍ വ്യവസായിയുടെ അടുത്ത ബന്ധു തന്നെയാണ്. മലപ്പുറം പൂങ്ങോട് സ്വദേശിയായ ഇയാള്‍ അറസ്റ്റിലായി, അറുപത് ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയിരുന്നു. ഇയാള്‍ വിദേശത്ത് ഉള്ള ചിലര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് കണ്ടെത്തല്‍. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് നാട്ടിലുള്ള വ്യത്യസ്ത സംഘങ്ങള്‍ പരിപാടി ആസൂത്രണം ചെയ്തത്. ആ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ചുമതലക്കാരുണ്ടായിരുന്നു.

ക്വട്ടേഷന്‍ സംഘത്തിന്റെ നോട്ടപ്പിശകാണ് മുഹമ്മദാലിക്ക് രക്ഷപ്പെടാന്‍ സഹായകമായത്. കോതകുറുശിയിലെ വീട്ടില്‍ കാവലുണ്ടായിരുന്ന സംഘം, മദ്യലഹരിയില്‍ ഉറങ്ങിയ ഘട്ടത്തില്‍ അദ്ദേഹം തന്ത്രപരമായി പുറത്തിറങ്ങുകയായിരുന്നു. അവശനിലയില്‍ കണ്ട വ്യവസായിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് വാണിയംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് തട്ടിപ്പിന്റെ കഥ പുറം ലോകം അറിയുന്നത്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി. രവികുമാറിനാണ് അന്വേഷണച്ചുമതല.