അര്‍ജുനായി കാത്ത് 13-ാം നാള്‍ ; തിരച്ചിൽ ഇന്നും തുടരും

 

ഷി​രൂ​ർ: കർണാടകയിലെ ഷി​രൂ​രിൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ൽ ഇന്നും തിരച്ചിൽ തുടരും.നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മു​ങ്ങ​ൽ വി​ദ​ഗ്ധ​രായ മൽപെ സംഘവും ശ​നി​യാ​ഴ്ച തി​ര​ച്ചി​ൽ ന​ട​ത്തി​യിരുന്നു. എന്നാൽ, നദിയിൽ ലോ​റി​യു​ടെ സാ​ന്നി​ധ്യം​ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.

കേ​ര​ള-​ക​ർ​ണാ​ട​ക മ​ന്ത്രി​മാ​രും എം.​എ​ൽ.​എ​മാ​രും ക​ല​ക്ട​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സം​യു​ക്ത യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ എ​ത്തി​ച്ച​ത്. രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് അ​തി​വി​ദ​ഗ്ധ​രാ​യ സ്കൂ​ബ ഡൈ​വ​ർ​മാ​രെ കൊ​ണ്ടു​വ​രാ​നും ഗോ​വ​യി​ൽ​നി​ന്ന് മ​ണ്ണു​നീ​ക്ക​ൽ യ​ന്ത്രം കൊ​ണ്ടു​വ​രാ​നു​മു​ള്ള തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. ഇ​തി​ൽ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ല​ക്ഷ്മി​പ്രി​യ​യെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ഈ​ശ്വ​ർ മ​ൽ​പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സം​ഘ​ത്തെ എ​ത്തി​ച്ച​ത്.

ഈ​ശ്വ​ർ മ​ൽ​പെ ര​ണ്ടു​ത​വ​ണ പു​ഴ​യി​ലി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടാം ത​വ​ണ ക​യ​ർ പൊ​ട്ടി 80 മീ​റ്റ​ർ ഒ​ഴു​കി​പ്പോ​യ​പ്പോ​ൾ നാ​വി​ക സേ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ര​ക്കെ​ത്തി​ച്ച​ത്. ഞാ​യ​റാ​ഴ്ച വീ​ണ്ടും തി​ര​ച്ചി​ലി​നി​റ​ങ്ങും. മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ, എം.​എ​ൽ.​എ​മാ​രാ​യ എം.​കെ.​എം. അ​ഷ്റ​ഫ്, എം. ​വി​ജി​ൻ, ലി​ന്റോ ജോ​സ​ഫ്, സ​ച്ചി​ൻ ദേ​വ്, എം. ​രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ ഷി​രൂ​രി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ജൂലൈ 16നാണ് ദേശീയപാത 66ൽ മണ്ണിടിച്ചിലുണ്ടാകുന്നത്. ലോറി ഡ്രൈവർമാർ വാഹനം നിർത്തി വിശ്രമിക്കുന്ന മേഖലയിലാണ് വൻതോതിൽ മണ്ണിടിഞ്ഞത്. 12ലേറെ പേർ സംഭവത്തിൽ മരിച്ചിരുന്നു. കാണാതായ അർജുൻ മണ്ണിനടിയിലുണ്ടാകുമെന്ന നിഗമനത്തിൽ ദിവസങ്ങളോളം മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നദിയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നാല് പോയിന്‍റുകളിൽ ലോഹവസ്തുവിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് തിരച്ചിൽ തുടരുന്നത്.