അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍ ; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും
അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണയാണ് അർജുനെ റിമാൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്
കണ്ണൂർ; അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണയാണ് അർജുനെ റിമാൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് റിമാൻഡ്. തലശ്ശേരി സബ് ജയിലിലേക്ക് അർജുൻ ആയങ്കിയെ മാറ്റും.
അർജുൻ ആയങ്കി ഇന്ന് പുലർച്ചെയാണ് കണ്ണൂരിൽ അറസ്റ്റിലായത്. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അർജുനെ പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.
സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും.