അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം.
അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു.
കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം.കസ്റ്റഡിയില്‍ വിട്ട അര്‍ജുന്‍ ആയങ്കിയെ വെള്ളിയാഴ്ച 11.30 മണിക്ക് മുന്‍പ് തിരിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് നീക്കം.അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു.
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ റിമൻഡില്‍ കഴിയുന്നത്. അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്‌എച്ച്‌ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പൊലീസ് വ്യാജ തെളിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. കസ്റ്റഡി അപേക്ഷയില്‍ പിടിച്ചെടുത്ത മൊബൈലിന്റെ കൃത്യമായ വിവരങ്ങളില്ലെന്നും ഫോണിന്റെ ഐഎംഇഎ നമ്പര്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തണമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. ആതേസമയം ആയങ്കിയെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കാപ്പ ചുമത്താന്‍ അടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ ചുമത്തിക്കൊണ്ട് ആയങ്കിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാകും ശ്രമം നടത്തുക എന്നാണ് വിവരം.സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.