കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും
തലശ്ശേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങി.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂരിലെ കേസില്‍ കസ്റ്റഡി അവസാനിക്കുന്നത്തിന് പിന്നാലെ കോതമംഗലത്തെ കേസിലും കസ്റ്റഡിയില്‍ എടുക്കും. അതേ സമയം, തലശ്ശേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. അര്‍ജുന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ് ടോപ് കസ്റ്റഡിയിലെടുത്തു.
അര്‍ജുന്‍ ആയങ്കിയെ പൂട്ടാനുറച്ച് തന്നെയാണ് പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം വന്നതിനു പിന്നാലെ കാപ്പ ചുമത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്എച്ച്ഒ, സിറ്റി പൊലീസ് കമ്മീഷണര്‍ മുഖാന്തിരം കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. കലക്ടറാണ് കാപ്പ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്. ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ചെന്ന കേസില്‍ അര്‍ജുനായി കണ്ണൂര്‍ സൈബര്‍ പൊലീസ് തലശ്ശേരി സി ജെ എം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി.
അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ അര്‍ജുന്റെ അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ സൈബര്‍ പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്നും ലാപ് ടോപ് കസ്റ്റഡിയിലെടുത്തു. അര്‍ജുന്‍ ആയങ്കിയുടെ അമ്മയുടേയും സഹോദരന്റേയും മൊഴി പോലീസ് രേഖപ്പെടുത്തി. അര്‍ജുനെതിരെ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നില്‍ ലഭിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എറണാകുളം റൂറല്‍ എസ് പി അറിയിച്ചു.