അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി ജയരാജന്‍ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഉടന്‍ അപ്പീല്‍ നല്‍കും

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.

 

ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കും.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐയും ഉടന്‍ അപ്പീല്‍ നല്‍കും. ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.

കേസില്‍ ഏഴ് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 13 പേരെ കുറ്റക്കാരണെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ മൂന്ന് വര്‍ഷത്തില്‍ താഴെയായതിനാല്‍ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു.

കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ഇന്നലെ എറണാകുളം ജില്ലാ ജയിലില്‍ പാര്‍പ്പിച്ച പ്രതികളെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോവും.