അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കും
അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കും. ഒന്നാം പ്രതി കെ വി സുമേഷ് ഉൾപ്പെടെയുള്ളവരെയാണ് എറണാകുളം സബ് ജയിലിൽ നിന്ന് കണ്ണൂരിൽ എത്തിക്കുക. എല്ലാവർക്കും ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു. കേസിൽ ആകെ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കും. ഒന്നാം പ്രതി കെ വി സുമേഷ് ഉൾപ്പെടെയുള്ളവരെയാണ് എറണാകുളം സബ് ജയിലിൽ നിന്ന് കണ്ണൂരിൽ എത്തിക്കുക. എല്ലാവർക്കും ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു. കേസിൽ ആകെ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
സിപിഐഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവർ അടക്കം 18 പേരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. സാക്ഷികളെ എത്തിക്കുന്നതിൽ അടക്കം പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് വിധി പകർപ്പിൽ പറഞ്ഞിരുന്നത്.
പി.ജയരാജൻ, ടി.വി.രാജേഷ്, എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്. ഇവർക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കി. ആശുപത്രിയിൽ പ്രതികൾ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് മതിയായ തെളിവില്ല. ഫോൺ രേഖകളുടെ പരിശോധനയിലും വീഴ്ച്ച ഉണ്ടായി. ആരോപണവിധേയമായ ഫോൺ നമ്പർ 31-ാം പ്രതിയുടേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആ നമ്പർ മറ്റൊരാളുടേതെന്ന് രേഖകളുണ്ട്.
10, 11 പ്രതികൾ മൊബൈൽ ഫോണിലൂടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്ന ആരോപണത്തിൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നില്ല.പി.ജയരാജന്റെയും, ടി.വി രാജേഷിന്റെയും ഫോൺ രേഖകൾ ശേഖരിച്ചില്ല. ഇതെല്ലാം ഗൂഢാലോചന തെളിയിക്കുന്നതിൽ തിരിച്ചടിയായി എന്നാണ് ഉത്തരവിൽ പറയുന്നത്.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്,ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതിക്രമിച്ചു കടക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്ത പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ തെളിവ് നശിപ്പിച്ച കെ വി സജിത്ത് എന്നിവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ, ഷുക്കൂറിനെ കുത്തിയ രണ്ടാമനായ പി.ഗണേശനെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വൻ തിരിച്ചടിയായി.