ശബരിമലയിലെ അരവണ ക്ഷാമം: ദേവസ്വം ബോർഡിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരൻ 

ശബരിമലയിലെ അരവണ ക്ഷാമത്തിൽ  തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ സർക്കാർ നിഷ്ക്രിയമായിരിക്കില്ലെന്നും ഭക്തർക്ക് പ്രസാദം ഉറപ്പാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും മന്ത്രി വ്യക്തമാക്കി

 

തിരുവനന്തപുരം: ശബരിമലയിലെ അരവണ ക്ഷാമത്തിൽ  തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ സർക്കാർ നിഷ്ക്രിയമായിരിക്കില്ലെന്നും ഭക്തർക്ക് പ്രസാദം ഉറപ്പാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന പ്രധാന തീർത്ഥാടന കാലം സുഗമമായി നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതിയോടെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വച്ച് ഉത്സവം നടത്തണമോ എന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് അർഹമായ ഒരു ആനുകൂല്യവും പ്രസാദവും മുടങ്ങാൻ പാടില്ല. പരസ്പരം പ്രസ്താവനകൾ ഇറക്കി പഴിചാരുന്നതിൽ കാര്യമില്ലെന്നും, ഭക്തജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വിഷയത്തിൽ സർക്കാരിനുള്ള ആശങ്കകൾ ആവശ്യമെങ്കിൽ കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലകാലത്തിന് മുൻപായി അരവണ പ്ലാന്റ് നവീകരിക്കുന്നതിനായി അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ദേവസ്വം ബോർഡ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, നട തുറന്നിരിക്കുന്ന സമയത്ത് ഇത്തരത്തിൽ പ്ലാന്റ് ശുദ്ധീകരിക്കാനും നവീകരിക്കാനും നിന്നത് വലിയ വീഴ്ചയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാധാരണ നിലയിൽ നട അടച്ചിരിക്കുന്ന സമയത്താണ് അറ്റകുറ്റപ്പണികളും ശുദ്ധീകരണങ്ങളും നടത്തേണ്ടത്. അഥവാ പണി ചെയ്യണമെങ്കിൽത്തന്നെ ഭക്തർക്ക് പ്രസാദം ഉറപ്പാക്കാൻ കൃത്യമായ ബദൽ സംവിധാനം മുൻകൂട്ടി ഏർപ്പെടുത്തണമായിരുന്നു. മണ്ഡലകാലത്തിന് മുൻപ് തൊഴാനെത്തുന്ന ഭക്തർക്ക് പ്രസാദം വേണ്ടേ എന്ന് ചോദിച്ച മന്ത്രി, ഇനി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് നിൽക്കരുതെന്നും ഇപ്പോൾ ഉണ്ടായ അരവണ ക്ഷാമം ബോർഡിനുള്ള ഒരു മുന്നറിയിപ്പാണെന്നും വ്യക്തമാക്കി.