ശബരിമലയിൽ മുടങ്ങിക്കിടന്ന അരവണ നിർമാണം പുനരാരംഭിച്ചു
പത്തനംതിട്ട : ശബരിമലയിൽ മുടങ്ങിക്കിടന്ന അരവണ നിർമാണം പുനരാരംഭിച്ചു. അരവണ നിർമാണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിന് ഒരു മാസക്കാലമായി പ്ലാൻറ് അടച്ചിട്ട് നിർമാണ പ്രവൃത്തി നടത്തിവരുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതലാണ് അരവണ നിർമാണം ആരംഭിച്ചത്.
നിലവിൽ ഒന്നര ലക്ഷം ടിൻ അരവണയാണ് പ്രതിദിന ഉൽപാദനം. ഒക്ടോബർ 20ന് ശേഷം പ്ലാൻറ് പൂർണ ഉൽപാദനശേഷി കൈവരിക്കും. അപ്പോൾ പ്രതിദിനം 3.25 മുതൽ 3.65 വരെ ലക്ഷം ടിൻ അരവണ ഉൽപാദിപ്പിക്കാനാവും. പ്ലാന്റിന്റെ ശേഷി വർധിക്കുന്നതോടെ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഭക്തർക്ക് ആവശ്യാനുസരണം അരവണ വിതരണം ചെയ്യാനാകും. ആവശ്യത്തിന് സ്റ്റോക്കില്ലാതെ നവീകരണത്തിനായി ഒരു മാസത്തോളം പ്ലാൻറ് അടച്ചിട്ടതിനെത്തുടർന്ന് കന്നിമാസ പൂജാവേളയിൽ അരവണക്ഷാമം ഉണ്ടായത് വലിയ വിവാദമായിരുന്നു.