ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ്

 

ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തര്‍ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 16 വരെ നീളുന്ന വള്ളസദ്യയില്‍, ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.

വഴിപാട് കഴിക്കുന്നവര്‍ക്ക് പുറമെ സാധാരണക്കാര്‍ക്കും വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്‌പെഷ്യല്‍ പാസുകള്‍ മുഖേന വഴിപാടുകാരല്ലാത്ത ഭക്തര്‍ക്കും വള്ളസദ്യയില്‍ പങ്കുചേരാവുന്നതാണ്.