ആറളത്ത് കാട്ടാനക്കലി തുടരുന്നു, അനാഥമായത് ആദിവാസി യുവാവിന്റെ കുടുംബം

 

 ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനവിളയാട്ടം തുടരുന്നതോടെ പന്ത്രണ്ടാമെത്ത ജീവനും പൊലിഞ്ഞു.  ഇതോടെ കുടുംബനാഥന്‍ നഷ്ടപ്പെട്ട ഒരുകുടുംബം കൂടി അനാഥമായി. കാട്ടാന ചവിട്ടിക്കൊന്ന ആറളം ഫാം ബ്ലോക്ക് പത്തിലെ രഘുവിന്റെ മൂന്ന് മക്കളും വിദ്യാര്‍ഥികളാണ്. മൂത്തയാള്‍ രഹ്ന പ്ലസ്ടുവിനും രണ്ടാമത്തെ മകള്‍  രഞ്ജിനി എട്ടിലും ഇളയവന്‍ വിഷ്ണു ആറിലുമാണ് പഠിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് അമ്മ ബീന പൊള്ളലേറ്റ് മരിച്ചതിന്റെ  ഞെട്ടലും അനാഥത്വവും വിട്ടുമാറും മുമ്പാണ്  കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടമായത്.  ഇവര്‍ക്ക് ഇനി സ്വന്തമായുണ്ടെന്നു പറയാന്‍ വയോധികയായ അച്ചമ്മ തമ്പായി മാത്രമേയുളളൂ.

 ഇതിനിടെ രഘുവിന്റെ സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ആറളത്ത് നടക്കും. ജനകീയ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. യു.ഡി. എഫ്, എല്‍. ഡി. എഫ്, ബി.ജെ.പി എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആറളം പഞ്ചായത്തില്‍ പൂര്‍ണമാണ്.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതവും മുടങ്ങിയിട്ടുണ്ട്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷമാണ് രഘുവിന്റെ മൃതദേഹം ആറളത്ത് എത്തിക്കുക.

ആറളം ഫാമില്‍ കാട്ടാനയുടെ അക്രമണത്തില്‍ രഘുകൊല്ലപ്പെട്ടതോടെ അനാഥരായത് മൂന്ന്  കുട്ടികളാണ്.  രഘുവിന്റെ മൂത്തമകള്‍ രഹ്‌ന പ്‌ളസ്ടൂവിനും രണ്ടാമത്തെ മകള്‍ രഞ്ചിനി എട്ടിലും ഇളയവന്‍ വിഷ്ണു ആറിലുമാണ് പഠിക്കുന്നത്. രഘുവിന്റെ ഭാര്യ ബീന  എട്ടുവര്‍ഷം  മുന്‍പേ തീപൊളളലേറ്റു മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി രഘു തന്നെയാണ് വിറക് ശേഖരിച്ചിരുന്നത്. ഇന്നലെ വിറക് തേടിയുളള യാത്ര മരണത്തില്‍ അവസാനിക്കുകയായിരുന്നു.

 ഇനി കുട്ടികളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് ഫാമിലെ താമസക്കാരും നാട്ടുകാരും.രഘുവിന്റെ മൂന്ന് പിഞ്ചുകുട്ടികളുടെ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ധനസഹായമായ പത്തുലക്ഷം രൂപ ഉടനെ തന്നെ കുടുംബത്തിന് നല്‍കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്ന്  സര്‍ക്കാര്‍ അവകാശപ്പെടുന്ന ആറളം ഫാമിലെ പുനരധിവാസ മേഖലയിലാണ്  ഇന്നലെ പന്ത്രണ്ടാമത്തെ ജീവന്‍ പൊലിഞ്ഞത്.