നടിയെ ആക്രമിച്ച കേസ്;  ദിലീപിനെ വെറുതെ വിട്ടതില്‍ ഹൈക്കോടതിയിൽ അപ്പീല്‍, പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ സർക്കാർ ആവശ്യപ്പെട്ടു.

 

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ സർക്കാർ ആവശ്യപ്പെട്ടു.

ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകന്‍ ബാലന്‍ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. അത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഉണ്ടായിരുന്നു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ അനൂപിന്റെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.