മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍ ; പ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചിത്രം

വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്.
 

വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്.

വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

താന്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിനില്‍ക്കുന്നവര്‍ക്ക് നിരാശയേ വഴിയുള്ളൂ. ഈ പാര്‍ട്ടിയും ആളും വേറെയാണ്. താന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം തനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.


പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്വര്‍ണ്ണക്കടത്തും ഗൂഢാലോചനയും അടക്കം നിരന്തരം ആരോപണങ്ങള്‍ക്ക് വിധേയമാക്കിയ പി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടു എന്നായിരുന്നു ഇതിന് അന്‍വറിന്റെ മറുപടി. ഏതായാലും ഇരുവരും തമ്മിലുള്ള അകലം വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.