ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായാണ് നിര്‍മിച്ചതെന്ന് കണ്ടെത്തല്‍
പഞ്ചായത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരം ആന്റോയുടെ വീടിന് 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയത്.
വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ആന്റോ അഗസ്റ്റിന്‍ വീട് നിര്‍മിച്ചിരിക്കുന്നതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിയമവിരുദ്ധമായ അളവില്‍ മദ്യം സൂക്ഷിച്ച കേസില്‍ പ്രതിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായാണ് നിര്‍മിച്ചതെന്ന് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തല്‍. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ആന്റോ അഗസ്റ്റിന്‍ വീട് നിര്‍മിച്ചിരിക്കുന്നതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനായി 2022-ല്‍ ആന്റോ മുട്ടില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലപരിശോധന നടത്തിയ അധികൃതര്‍ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി 2022 മാര്‍ച്ച് 28-ന് അദ്ദേഹത്തിന് നോട്ടിസ് നല്‍കുകയും ചെയ്തു. പിന്നീട് ഈ അനധികൃത നിര്‍മാണം ക്രമവല്‍ക്കരിക്കാന്‍ ആന്റോ നല്‍കിയ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി തള്ളുകയും കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നതായി പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്‌സൈസ് കമ്മിഷണര്‍ ആര്‍.എന്‍. ബൈജു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഴവറ്റ ഉള്‍പ്പെടുന്ന മുട്ടില്‍ പഞ്ചായത്തിലെ കെട്ടിടങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പരമാവധി ഉയരം 3 നിലകളും 10 മീറ്ററുമാണ്. എന്നാല്‍, പഞ്ചായത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരം ആന്റോയുടെ വീടിന് 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയത്.