സൗഖ്യം സദാ: 343 പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

'സൗഖ്യം സദാ' ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 22 ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

 

'സൗഖ്യം സദാ' ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 22 ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് (SPAARK: Students Programme Against Antimicrobial Resistance Kerala) പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങൾ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 21 മുതൽ ആരംഭിക്കുന്ന എൻ.എസ്.എസ്. ക്യാമ്പുകളിൽ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് പദ്ധതി പ്രമേയങ്ങൾ ഉൾക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തുന്നു. 

അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ചും ഇവർ അവബോധ പ്രവർത്തനം നടത്തും.

പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഉയർന്നുവരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ഫലപ്രദമായി ചെറുക്കുന്നതിന് സംസ്ഥാന സർക്കാരും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പും ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി പരിശോധനകൾ കർശനമാക്കുകയും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ 'അമൃത്', 'വെറ്റ്ബയോട്ടിക്', 'ഓപ്പറേഷൻ ഡബിൾ ചെക്ക്' തുടങ്ങിയ പേരുകളിൽ റെയ്ഡുകൾ നടത്തുകയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് 'സൗഖ്യം സദാ' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.