കേരളത്തിൽ ദേശവിരുദ്ധ കുറ്റകൃത്യങ്ങള്‍ നടക്കുന്നു ; ആരോപണവുമായി ഗവര്‍ണര്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശവിരുദ്ധ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയച്ച കത്ത് അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. പിന്നെങ്ങനെയാണ് താന്‍ ചോര്‍ത്തിയെന്ന് പറയുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. അതില്‍ ഇടപെടുക എന്നത് തന്റെ ചുമതലയായിരുന്നു.

 ദേശവിരുദ്ധ കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞാല്‍ താന്‍ ഇടപെടേണ്ടതല്ലേ. തന്റെ കടമ താന്‍ നിര്‍വഹിക്കും. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയോ ഇല്ലയോ എന്നത് മാധ്യമങ്ങളോട് പറയില്ല. തനിക്ക് കത്ത് ലഭിക്കുമ്പോഴേക്കും അത് മാധ്യമങ്ങളില്‍ വന്നിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.


നേരത്തെ, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം. ഇതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച ഗവര്‍ണര്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കിയിരുന്നു.