മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പയുടെ പരാക്രമണം; വെയിറ്റിംഗ് ഷെഡും കടയും തകർത്തു

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയുടെ പരാക്രമണം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും തകർത്തു. കടയിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൈലൻറ് വാലി എസ്റ്റേറ്റ് മേഖലയിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ വീണ്ടും നാശം വിതച്ചത്. 

 

മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയുടെ പരാക്രമണം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും തകർത്തു. കടയിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൈലൻറ് വാലി എസ്റ്റേറ്റ് മേഖലയിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ വീണ്ടും നാശം വിതച്ചത്. 

കഴിഞ്ഞ ഒരു മാസമായി മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിലെ വിവിധ ഡിവിഷനുകളിൽ കാട്ടാന സ്ഥിരമായി എത്തുന്നത് തൊഴിലാളികളിലും പ്രദേശവാസികളിലും ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് പടയപ്പ വരുത്തിവെച്ചിട്ടുള്ളത്. സൈലന്റ് വാലി എസ്റ്റേറ്റിലെ ഒന്നും രണ്ടും ഡിവിഷനുകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പയെ പതിവായി കണ്ടുവരുന്നത്. എസ്റ്റേറ്റ് റോഡുകളിലും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടടുത്തും കാട്ടാന എത്തുന്നതോടെ വലിയ ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. രാത്രികാലങ്ങളിൽ ലയങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. രാത്രിക്ക് പുറമെ പകൽ സമയങ്ങളിലും പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം തുടരുന്നത് തൊഴിലാളികളുടെ ജോലിക്കും ഭീഷണിയായിട്ടുണ്ട്. പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.