നിപ:  വവ്വാലുകളെ ഓടിക്കരുത്,പന്നികളെ ശ്രദ്ധിക്കണം മുന്നറയിപ്പ് നല്‍കി : മൃഗസംരക്ഷണ വകുപ്പ്

 

കൊല്ലം :  നിപഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. പഴം തീനി വവ്വാലുകളാണ് നിപാ രോഗം കൂടുതല്‍പരത്തുന്നത്. അവയുടെ ആവാസകേന്ദ്രങ്ങളില്‍ ചെന്ന് ഭയപ്പെടുത്താനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാലുകള ഉപദ്രവിക്കുന്നതിലൂടെ അവയില്‍ വൈറസുകള്‍ പെരുകാനിടയുണ്ട്. ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുള്ള സാധ്യതയും കൂടും. 

വവ്വാല്‍ കടിച്ചുപേക്ഷിച്ചതാവാന്‍ സാധ്യതയുള്ള പഴങ്ങള്‍ തൊടുകയോ കഴിക്കുകയോ ചെയ്യരുത്. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കരുത്. വവ്വാലുകള്‍ കൂട്ടമായി പാര്‍ക്കുന്ന മരത്തണലുകളില്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടാന്‍ പാടില്ല. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളാണ്. അവയില്‍ ഇറങ്ങുകയോ വെള്ളം കോരുകയോ ചെയ്യരുത്. വവ്വാലിന്റെ വിസര്‍ജ്യങ്ങളോ സ്രവങ്ങളോ പുരണ്ട പ്രതലങ്ങളുമായി സമ്പര്‍ക്കം വന്നാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

അപൂര്‍വമായി പന്നികളും രോഗ വാഹകരാകുന്നുണ്ട്. വവ്വാലില്‍ നിന്നാണ് പന്നികളിലേക്ക് രോഗം പകരുക. പന്നികളിലെ കടുത്ത ചുമ പ്രധാന രോഗലക്ഷണമാണ്. നാഡീവ്യൂഹത്തെയും ബാധിക്കുമെന്നതിനാല്‍ വിറയല്‍, അപസ്മാര സമാനമായ ലക്ഷണങ്ങള്‍, പക്ഷാഘാതം എന്നിവയും കാണാം. പന്നിക്കുട്ടികളിലാണ് മരണം കൂടുതലായി കാണപ്പെടുന്നത്. ജില്ലയിലെ പന്നിഫാം ഉടമകള്‍ക്കും വന മേഖലയോട് ചേര്‍ന്നു കിടക്കുന്ന കുരിയോട്ടുമല ഹൈടെക് ഫാംആയൂര്‍ തോട്ടത്തറ ഹാച്ചറി മറ്റ് സ്വകാര്യ ഫാമുകള്‍ എന്നിവിടങ്ങളില്‍ പരമാവധി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. 

തൊഴിലാളികളും ഉടമകളും മാസ്‌കും കൈയ്യുറകളും ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണങ്ങള്‍ പന്നികളിലും മറ്റ് മൃഗങ്ങളിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ അറിയിച്ചു.