ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഭക്തര്‍ വരിനില്‍ക്കുന്ന ഫ്‌ളൈ ഓവര്‍ തകര്‍ത്തു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഭക്തര്‍ വരിനില്‍ക്കുന്ന ഫ്‌ളൈ ഓവര്‍ തകര്‍ത്തു. ചൊവ്വാഴ്ച രാത്രി നടയടച്ച ശേഷമായിരുന്നു കൊമ്പന്‍ ശ്രീധരന്‍ ഇടഞ്ഞത്.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഭക്തര്‍ വരിനില്‍ക്കുന്ന ഫ്‌ളൈ ഓവര്‍ തകര്‍ത്തു. ചൊവ്വാഴ്ച രാത്രി നടയടച്ച ശേഷമായിരുന്നു കൊമ്പന്‍ ശ്രീധരന്‍ ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന്റെ നാലാം പ്രദക്ഷിണം കൊടിമരത്തിനടുത്ത് എത്തിയിരുന്നു. എഴുന്നള്ളിപ്പ് മുന്നോട്ടു നീങ്ങിയെങ്കിലും ശ്രീധരന്‍ അനങ്ങിയില്ല.
പാപ്പാന്‍ ബാബു കൊമ്പില്‍ പിടിച്ചതോടെ ആന തട്ടുകയായിരുന്നു. ഒഴിത്ത് മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുന്നോട്ട് കുതിച്ച ആന ഫ്‌ളൈ ഓവര്‍ കുത്തി മറിച്ചിട്ടു. ഇതേ തുടര്‍ന്ന് എഴുന്നള്ളിപ്പ് നിര്‍ത്തി കൊമ്പന്‍ ഇന്ദ്രസെന്റെ മുകളില്‍നിന്ന് കോലം ഇറക്കി. ഇടഞ്ഞാല്‍ കൂട്ടാനകളെ കുത്തുന്ന പ്രകൃതക്കാരനാണ് ശ്രീധരന്‍.
ഇതറിയാവുന്ന പാപ്പാന്മാര്‍ ഉടന്‍ തന്നെ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന മറ്റ് രണ്ട് ആനകളേയും പുറത്തേക്കിറക്കി. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഭക്തരെ തിടപ്പിള്ളി വഴിയും ഭഗവതിക്കെട്ട് വഴിയും പുറത്താക്കി. ആന പാപ്പാമാരും ദേവസ്വം ജീവനക്കാരും ജാഗ്രത പാലിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ക്കിടവന്നില്ല.
ആനത്താവളത്തില്‍നിന്ന് കൂടുതല്‍ പാപ്പാന്മാരെത്തി വടം ഉപയോഗിച്ച് ആനയെ നിയന്ത്രണവിധേയമാക്കി. 11 മണിയോടെ ആനയെ പുറത്തിറക്കി പൂത്തേരി പറമ്പില്‍ തളച്ചു. മറ്റൊരു ആനയെ കൊണ്ടുവന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഭഗവതിക്ക് കളംപാട്ട് ആരംഭിച്ച ദിവസമായതിനാല്‍ വിളക്കെഴെുന്നള്ളിപ്പിന് ഒരാനയുമായി ഭഗവതിയുടെ പുറത്തേക്ക് എഴുന്നള്ളിപ്പുണ്ടായിരുന്നു.
ഇതിന് കൊമ്പന്‍ ശ്രീധരനെയായിരുന്നു നിശ്ചയിച്ചിരുന്നത്. ആന ഇടഞ്ഞതിനാല്‍ ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പും വൈകി. രാവിലെ ഫ്‌ളൈ ഓവര്‍ നന്നാക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിനാല്‍ ഭക്തരെ കൊടിമരം വഴി പ്രവേശിപ്പിക്കേണ്ടിവന്നു.