ജാപ്പനീസ് റോബോക്കോണിൽ തിളങ്ങി അമൃതയിലെ വിദ്യാർഥികൾ; ഒന്നും രണ്ടും സ്ഥാനങ്ങളും മികച്ച ഡിസൈൻ അവാർഡും സ്വന്തമാക്കി

ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടോക്കിയോയിൽ നടന്ന 36-ാമത് ഇന്റർനാഷണൽ ഡിസൈൻ കോണ്ടെസ്റ്റ് റോബോക്കോൺ 2026 മത്സരത്തിൽ അമൃത  വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളും മികച്ച ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി.

 

കൊല്ലം: ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടോക്കിയോയിൽ നടന്ന 36-ാമത് ഇന്റർനാഷണൽ ഡിസൈൻ കോണ്ടെസ്റ്റ് റോബോക്കോൺ 2026 മത്സരത്തിൽ അമൃത  വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളും മികച്ച ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ബഹുരാഷ്ട്ര ടീമുകളാക്കി മാറ്റിയാണ് ഐ ഡി സി റോബോക്കോൺ മത്സരം സംഘടിപ്പിച്ചത്. രണ്ടു വാരം നീണ്ടുനിന്ന തീവ്ര പരിശീലനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും ശേഷമായിരുന്നു ഫൈനൽ.

അമൃതയിൽ നിന്നുള്ള ഫൈനൽ ഇയർ ഇ സി ഇ വിദ്യാർത്ഥി കെ കാർത്തിക്  ഉൾപ്പെട്ട ടീം ഒന്നാം സമ്മാനം നേടി. തേർഡ് ഇയർ ഇ സി ഇ വിദ്യാർത്ഥി ജെ ആർ പ്രസന്ന ഹരിവീരേഷ് ഉൾപ്പെട്ട ടീം രണ്ടാം സമ്മാനവും, ഫൈനൽ ഇയർ ഇ സി ഇ വിദ്യാർത്ഥി കോശി പ്രശാന്ത് ഉൾപ്പെട്ട ടീം മികച്ച ഡിസൈനുള്ള പുരസ്കാരവും നേടി. അമൃതപുരി ക്യാമ്പസിലെ ഇ സി ഇ വിഭാഗം പ്രൊഫസറും ഹട്ട് ലാബ്സ് ഡയറക്ടറുമായ പ്രൊഫ. രാജേഷ് കണ്ണൻ മേഘലിംഗമാണ് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദേശം നൽകിയത്.അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് - ടോക്കിയോ, സെൂൾ നാഷണൽ യൂണിവേഴ്സിറ്റി, ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി തുടങ്ങി ഏഴ് രാജ്യങ്ങളിലെ 10 മുൻനിര സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. അമൃതയിൽ നിന്ന് എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

'എ ഐ ടു സയൻസ്' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. ടെലിഓപ്പറേറ്റഡ്, ഓട്ടോണമസ് റോബോട്ടുകളെ ഉപയോഗിച്ച് പന്തുകൾ ശേഖരിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുക എന്നതായിരുന്നു ദൗത്യം. ഇമേജ് റെക്കഗ്നിഷൻ, ഓട്ടോണമസ് ഡിസിഷൻ മേക്കിങ്, റോബോട്ട് കൺട്രോൾ, മെക്കാനിക്കൽ ഡിസൈൻ എന്നിവയുടെ മികച്ച സംയോജനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. ഓഗസ്റ്റ് 10 മുതൽ 22 വരെ ടോക്കിയോയിലെ ഓകയാമ ക്യാമ്പസിലായിരുന്നു പരിശീലനവും മത്സരങ്ങളും നടന്നത്. അന്താരാഷ്ട്ര തലത്തിൽ അമൃതയുടെ അഭിമാനം ഉയർത്തിയ വിദ്യാർത്ഥികളെ പ്രൊഫ. രാജേഷ് കണ്ണൻ മേഘലിംഗം അഭിനന്ദിച്ചു. അവരുടെ കഠിനാധ്വാനത്തിന്റെയും പ്രായോഗിക പരിശീലനത്തിന്റെയും ഫലമാണ് ഈ മികച്ച നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.