ചൈനീസ്-കൊറിയൻ കുത്തക തകർത്ത് അമൃതയിലെ ‘ഹട്ട് ലാബ്സ്’; റോബോട്ടിക്സ് രംഗത്ത് വിപ്ലവകരമായ നേട്ടവുമായി മലയാളി ഗവേഷകർ
വിദേശ വിപണികളെ ആശ്രയിച്ചിരുന്ന റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്സ്. റോബോട്ടുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ‘സിക്സ് ഡി ഒ എഫ്’ (6 ഡിഗ്രിസ് ഓഫ് ഫ്രീഡം) റോബോട്ടിക് മാനിപ്പുലേറ്ററുകൾക്കായുള്ള കുറഞ്ഞ ചെലവിലുള്ള മോഷൻ കൺട്രോളറാണ് ഹട്ട് ലാബ്സിലെ ഗവേഷകർ വിജയകരമായി വികസിപ്പിച്ചെടുത്തത്. "നിയന്ത്ര" എന്ന് പേരിട്ടിരിക്കുന്ന മോഷൻ കൺട്രോളർ ഇതിനോടകം തന്നെ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
കൊല്ലം: വിദേശ വിപണികളെ ആശ്രയിച്ചിരുന്ന റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്സ്. റോബോട്ടുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ‘സിക്സ് ഡി ഒ എഫ്’ (6 ഡിഗ്രിസ് ഓഫ് ഫ്രീഡം) റോബോട്ടിക് മാനിപ്പുലേറ്ററുകൾക്കായുള്ള കുറഞ്ഞ ചെലവിലുള്ള മോഷൻ കൺട്രോളറാണ് ഹട്ട് ലാബ്സിലെ ഗവേഷകർ വിജയകരമായി വികസിപ്പിച്ചെടുത്തത്. "നിയന്ത്ര" എന്ന് പേരിട്ടിരിക്കുന്ന മോഷൻ കൺട്രോളർ ഇതിനോടകം തന്നെ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
നിലവിൽ വിപണിയിലുള്ള കൊറിയൻ, ചൈനീസ് നിർമ്മിത കൺട്രോളറുകൾക്ക് ബദലായാണ് പൂർണ്ണമായും സ്വദേശീയമായ ഈ സാങ്കേതികവിദ്യ അമൃതയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഇതുവരെ വിദേശ കമ്പനികൾ കൈയടക്കി വെച്ചിരുന്ന ഈ രംഗത്ത് ഇന്ത്യയുടെ തന്നെ ആദ്യത്തെ സംരംഭമാണ് ഇത്. ഇതുവരെ ദക്ഷിണ കൊറിയയുടെയും ചൈനയുടെയും കൺട്രോളറുകളാണ് ഇന്ത്യയിൽ ഗവേഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് ഒരു യൂണിറ്റിന് രണ്ട് ലക്ഷം രൂപയിലധികം വിലവരുമെന്നുമാത്രമല്ല, എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ വിദേശ വിപണികളെയും കമ്പനികളെയും ആശ്രയിക്കേണ്ടതായും വന്നിരുന്നു. ഇത് രാജ്യത്തെ റോബോട്ടിക്സ് ഗവേഷണങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ തദ്ദേശീയമായ കൺട്രോളറുകൾ വരുന്നതോടെ വിദേശ കൺട്രോളറുകൾക്ക് ഇത് വലിയ തിരിച്ചടിയാകും. ചെലവ് നാലിലൊന്നായി കുറയും ചെയ്യും. ടെക്സസ് ഇൻസ്ട്രുമെന്റ്സ്, എസ്ടി മൈക്രോഇലക്ട്രോണിക്സ് പ്ലാറ്റ്‌ഫോമുകൾ അടിസ്ഥാനമാക്കി ഹട്ട് ലാബ്സ് വികസിപ്പിച്ച പുതിയ കൺട്രോളറിന് 50,000 രൂപയിൽ താഴെ മാത്രമാണ് ചെലവ് വരുന്നത്.
നിലവിലെ വിപണി വിലയേക്കാൾ 75 ശതമാനത്തോളം ചെലവ് കുറവാണ് ഇത്. വിലക്കുറവിനൊപ്പം ഗവേഷകർക്ക് തങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഈ പുതിയ ഇൻ-ഹൗസ് കൺട്രോളർ നൽകുന്നുണ്ട്. തെങ്ങുകയറ്റത്തിനും തേങ്ങയിടലിനുമായി അമൃത വികസിപ്പിച്ച കേരംബോട്ട് എന്ന ആളില്ലാ റോബോട്ടിക് സംവിധാനത്തിലാണ് ഈ പുതിയ മാനിപ്പുലേറ്റർ കൺട്രോളർ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. വളരെ കുറഞ്ഞ മാറ്റങ്ങളോടെ നിലവിലുള്ള ഏത് റോബോട്ടിക് സിസ്റ്റത്തിലും ഇത് ഘടിപ്പിക്കാനാകുമെന്ന് സംഘം തെളിയിച്ചിട്ടുണ്ട്.
ഹട്ട് ലാബ്സ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, റിസർച്ച് അസോസിയേറ്റ് ജെസിൽ മരിയോ പി എസ്, പ്രോജക്ട് മാനേജറും സയന്റിസ്റ്റുമായ ഡോ. കെ എം ശക്തിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നിൽ. രാജ്യത്തെ റോബോട്ടിക്സ് ഗവേഷണ മേഖലയിൽ വലിയൊരു നാഴികക്കല്ലാണിതെന്നും വിദേശ സാങ്കേതികവിദ്യകളോടുള്ള ആശ്രയത്വം കുറയ്ക്കാനും, ഭാവിയിലെ വലിയ റോബോട്ടിക് പദ്ധതികളുടെ നിർമ്മാണച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഈ തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും ഗവേഷണ സംഘം വ്യക്തമാക്കി.