കാർഷിക യന്ത്രവൽക്കരണ സാങ്കേതിക വിദ്യകളുടെ പ്രദർശനവും സെമിനാറുമായി അമൃത് സമ്മിറ്റ് 2026

കേരളത്തിലെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരവുമായി ഭാരതീയ കിസാൻ സംഘ്, അമൃത സർവ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമൃത് സമ്മിറ്റ് 2026 സംഘടിപ്പിച്ചു.

 

കൊല്ലം: കേരളത്തിലെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരവുമായി ഭാരതീയ കിസാൻ സംഘ്, അമൃത സർവ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമൃത് സമ്മിറ്റ് 2026 സംഘടിപ്പിച്ചു. അമൃത സർവ്വകലാശാലയുടെ അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ സ്വാമി വേദാമൃതാനന്ദപുരി ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ അഡ്വ. സംഗീത വിശ്വനാഥ് വിശിഷ്ടാതിഥിയായി. അമൃത സ്‌കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ് ഡീൻ ഡോ. സുധീഷ് മണലിൽ, ഭാരതീയ കിസാൻ സംഘ് സെക്രട്ടറി അഡ്വ. രതീഷ് ഗോപാലൻ, സി ടി സി ആർ ഐ റിട്ടയേർഡ് സയൻ്റിസ്റ്റ് ഡോ. കെ മുരളീധരൻ എന്നിവർ പങ്കെടുത്തു. 


അമൃത സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ്, കിസാൻ സമൃദ്ധി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ഉച്ചകോടിയിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കാർഷിക മേഖലയിലെ ആധുനിക പ്രവണതകളെക്കുറിച്ചും ഡ്രോണുകൾ, റോബോട്ടിക്സ് എന്നിവയുടെ സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന ചർച്ചകളുമായി അഗ്രികൾച്ചറൽ ട്രാൻസ്ഫോർമേഷൻ സിമ്പോസിയം, അമ്പതിലധികം പ്രദർശന സ്റ്റാളുകൾ, ഡ്രോണുകൾ, ഓട്ടോമേഷൻ ഉപകരണങ്ങൾ എന്നിവയുടെ തത്സമയ പ്രദർശനവുമായി കേരളത്തിലെ ഏറ്റവും വലിയ കാർഷിക സാങ്കേതിക പ്രദർശനമായ ഫാം മെഷിനറി എക്സ്പോ, 2020 മുതൽ 2025 വരെയുള്ള കാലയളവിൽ കാർഷിക യന്ത്രവൽക്കരണ മേഖലയിൽ നടന്ന പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം, കർഷക - ഉൽപാദക സംഘടനകളുടെ ശാക്തീകരണത്തിനായുള്ള ശില്പശാല എന്നിവയും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിവിധ മേഘലയിൽ നിന്നുള്ള വിദഗ്ദ്ധ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. 

വർദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം, കൃഷിച്ചെലവ്, കാലാവസ്ഥാ വ്യതിയാനം എന്നിവ നേരിടാൻ കൃഷിയിൽ യന്ത്രവൽക്കരണം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത് എന്നും കർഷകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒരേ വേദിയിൽ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കർഷകന്റെ പരിസ്ഥിതി സൗഹൃദപരമായ വികസനമാണ് ഉച്ചകോടി വിഭാവനം ചെയ്യുന്നത്.