കേരളപ്പിറവി ദിനത്തിൽ അമ്മത്തൊട്ടിലുകളിൽ ഇരട്ട മധുരം ; 'കേരവ്', 'പിറവ്' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി
നവംബർ ഒന്നിന് രാത്രി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി. സമയം 8.46. ശബ്ദം കേട്ടെത്തിയ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും ജീവനക്കാരും കണ്ടത് കരുതലും സ്നേഹവും കാത്ത് അമ്മത്തൊട്ടിലിൽ എത്തിയ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയായിരുന്നു.
തിരുവനന്തപുരം: നവംബർ ഒന്നിന് രാത്രി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി. സമയം 8.46. ശബ്ദം കേട്ടെത്തിയ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും ജീവനക്കാരും കണ്ടത് കരുതലും സ്നേഹവും കാത്ത് അമ്മത്തൊട്ടിലിൽ എത്തിയ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയായിരുന്നു. 2.10 കിലോ തൂക്കമുള്ള പെൺകുഞ്ഞിനെ ജീവനക്കാർ വാരിയെടുത്ത് ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് കുഞ്ഞിന് ആവശ്യമായ പരിചരണം നൽകുകയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ആരോഗ്യപരിശോധനകൾ നടത്തുകയും ചെയ്തു.
ഒരു മണിക്കൂർ കഴിഞ്ഞ് രാത്രി 9.44. 400 കിലോമീറ്റർ അകലെ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് കഴിഞ്ഞ ആഗസ്റ്റിൽ അത്യാധുനിക സാങ്കേതിക വിദ്യയോടെ സ്ഥാപിച്ച അമ്മത്തൊട്ടിലിലും അലാറം മുഴങ്ങി. ഡ്യൂട്ടി ഡോക്ടറും ജീവനക്കാരും ഓടിയെത്തി. അവിടെയും കരുതലിന്റെ പുതിയ അതിഥിയായി ആൺകുരുന്ന്. 10 ദിവസം പ്രായം, 3.58 കിലോഗ്രാം തൂക്കം. കുഞ്ഞിനെ തുടർപരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കേരളപ്പിറവിയുടെ 70-ാം വാർഷിക ദിനത്തിലെ ഈ അപൂർവ സമ്മാനത്തിന് ശിശുക്ഷേമ സമിതി ഹൃദയസ്പർശിയായ പേരുകൾ നൽകി. തിരുവനന്തപുരത്ത് ലഭിച്ച കുരുന്നിന് കരുതലിന്റെ അടയാളമായി ‘കേരവ്’ എന്നും കോഴിക്കോട്ടെ പുതിയ അതിഥിക്ക് പുനർജന്മത്തിന്റെ പിറവിയായി ‘പിറവ്’ എന്നും നാമകരണം ചെയ്തു. രണ്ടു പേരുകളും ചേർന്ന് ഈ വൈകാരിക ദിനം ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.
2002ൽ അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ച ശേഷം ലഭിക്കുന്ന യഥാക്രമം 1006, 1007-ാമത്തെ കുരുന്നുകളാണ് കേരളപ്പിറവി ദിനത്തിലെ അതിഥികൾ. തിരുവനന്തപുരത്തെ 649-ാമത്തെ കുട്ടിയും കോഴിക്കോട്ടെ 14-ാമത്തെ കുരുന്നുമാണിത്. കോഴിക്കോട് ലഭിച്ച 14 പേരിൽ എട്ടും പേരും പെൺകുട്ടികളാണ്. ഇരുവരുടെയും ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ, അവകാശികളാരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.