ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല ; വിശദീകരണം ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് പിന്നാലെ 'അമ്മ' സംഘടന
മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’. പൊലീസിൽ നൽകിയ പരാതി പുറമെ അമ്മ സംഘടനയിലും വിപിൻ പരാതി നൽകിയിരുന്നു.
കൊച്ചി : മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’. പൊലീസിൽ നൽകിയ പരാതി പുറമെ അമ്മ സംഘടനയിലും വിപിൻ പരാതി നൽകിയിരുന്നു. നടനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല. സംഭവത്തിൽ നടന്റെ യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.
അതേസമയം, ആറ് വർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു വിപിൻ. നടൻ വിപിനെ ശാരീരികമായി മർദ്ദിക്കുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കൊച്ചിയിലെ വിപിന്റെ ഫ്‌ലാറ്റിൽ വെച്ചാണ് ആക്രമണം നടന്നത്.
ആറ് വർഷമായി കൂടെ പ്രവർത്തിച്ച തന്നെ നടൻ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിൻ പറയുന്നത്. ‘മാർക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാൽ ഉണ്ണി മുകുന്ദൻ സിനിമയിലെ അണിയറപ്രവർത്തകരോടും നായികയോടും അസ്വാരസത്തിലാണ്.
സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടൻ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മർദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.