അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി ; ആശ അരവിന്ദ് രാജിക്കത്ത് നല്‍കി

ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയത്.

 

നേരത്തെ അഡ്ഹോക് കമ്മറ്റിയില്‍ നിന്നും ആശ രാജിവെച്ചിരുന്നു.

അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് രാജിക്കത്ത് നല്‍കി. ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയത്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും അന്തസും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും സഞ്ജീവനി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ അഡ്ഹോക് കമ്മറ്റിയില്‍ നിന്നും ആശ രാജിവെച്ചിരുന്നു.

അതേസമയം, നടിയും അമ്മ സംഘടനാ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ താര സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുകയാണ്. തെരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ എന്ന ചോദ്യവുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോള്‍ നടത്തിയിരുന്നു. അമ്മ 'പെണ്‍മക്കള്‍' വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അഭിപ്രായ രൂപീകരണത്തിന് ശ്രമം നടന്നത്. ഇതുവ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. 32 പേര്‍ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശ്വേതാ മേനോന്റെ സമിതി തുടരണം എന്ന് ഒരാള്‍ പോലും വോട്ട് ചെയ്തില്ല. ശ്വേതയെ നേരത്തെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.