സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണം ;  ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു

 

വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണമുയര്‍ന്നത്.

 

അഞ്ജുവിനൊപ്പം വിഷം കഴിച്ച പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു.

 സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ടുപേരും ജൂണ്‍ 30ന് എലിവിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അഞ്ജുവിനൊപ്പം വിഷം കഴിച്ച പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ഉടന്‍ തന്നെ അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ അഞ്ജു ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങിയിരുന്നെന്നും വിവരമുണ്ട്.

വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണമുയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ അഞ്ജുവിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിനാന്‍സില്‍ അത്തരമൊരു തിരിമറി നടന്നിട്ടുണ്ടോ എന്നും അഞ്ജുവിനും ഒപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും അതില്‍ പങ്കുണ്ടോ എന്നതും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. തിരിമറി ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.