അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണം: മന്ത്രി പി രാജീവ്

 

പത്തനംതിട്ട : അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുതലും കൈ താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്ത് മല്ലപ്പള്ളി സി.എം.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഒരു സിസ്റ്റം പൂര്‍ണമായും സജ്ജമായാല്‍ അദാലത്തിന്റെ ആവശ്യം വേണ്ടി വരില്ല. സമയത്ത് സേവനം നല്‍കാതിരിക്കുന്നതും അഴിമതിയുടെ ഭാഗമായി വരും. കൃത്യസമയത്ത് ഫയലുകള്‍ തീര്‍പ്പ് കല്‍പിക്കാന്‍ സാധിക്കണം. അതിലുള്ള കുറവുകള്‍ പരിഹരിക്കുന്നതും അദാലത്തിന്റെ ഭാഗമാണ്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. സേവനം കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാകണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്ന കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതേ കാഴ്ചപ്പാടോടെയാണ്  ഈ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. സമയത്ത് ഫയലുകള്‍ തീര്‍പ്പാക്കണം എന്ന നിര്‍ബന്ധത്തോടെ എല്ലാ വകുപ്പുകളും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞമെന്നും മന്ത്രി പറഞ്ഞു.പട്ടയമേളകള്‍ തുടര്‍ച്ചയായി സംഘടിക്കുന്നതിലൂടെ നിയമാനുസൃതമായി പരമാവധി പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്നുണ്ട്.  അദാലത്തില്‍ വരുന്ന പരാതികള്‍ പരമാവധി തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു.