ആലിന്‍ ഷെറിന് യാത്രാ മൊഴിയേകാന്‍ കേരളം; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളിയില്‍

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു.

 

ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍ 3.30ന് സംസ്‌കാരം നടത്തും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.

ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിന്‍ ഷെറിന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആലിന്‍ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.