വാട്സ്ആപ്പിലൂടെ വഴി മുത്തലാഖ് ചൊല്ലി ; ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെ കേസ്

വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആലപ്പുഴ കായംകുളം മലമേൽ ഭാഗം കളിയിക്കൽ ചിറയിൽ സുഹൈലിനെതിരേയാണ് (32) മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.

 

 മൂവാറ്റുപുഴ: വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആലപ്പുഴ കായംകുളം മലമേൽ ഭാഗം കളിയിക്കൽ ചിറയിൽ സുഹൈലിനെതിരേയാണ് (32) മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി ആമിന മുഹമ്മദിന്റെ (31) പരാതിയിലാണ് നടപടി. മുത്തലാഖിന് പുറമെ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം, വധഭീഷണി എന്നിവയും പരാതിയിലുണ്ട്.

ഭർത്താവുമായുള്ള നിരന്തര പ്രശ്നങ്ങളെത്തുടർന്ന് അകന്ന് കഴിഞ്ഞിരുന്ന ആമിനയെ ഈ മാസം നാലിനാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായി സുഹൈൽ അറിയിച്ചത്. തുടർന്ന് ആമിന വനിത ഹെൽപ്ലൈനായ ‘തുണ’യിലൂടെ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. ഏഴിന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തി. ഫോണിലൂടെ അധിക്ഷേപിക്കുകയും തുടർന്ന് മെസേജ് വഴി മുത്തലാഖ് ചൊല്ലുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.

വാട്സ്ആപ്പ് സന്ദേശമടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതയ്ക്കെതിരെയുള്ള ബി.എൻ.എസ് സെക്ഷൻ 85, മുത്തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കുന്ന 2019ലെ മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമം എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യുവതി നൽകിയ ഫോൺ നമ്പറുകളും സന്ദേശങ്ങളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും അതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

ആമിനയുടെ ആലപ്പുഴയിലെ വീട്ടിൽ ആക്രമണം നടത്തിയതിന് ഹരിപ്പാട് പൊലീസിൽ സുഹൈലിനെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. 2016 സെപ്റ്റംബർ 18നായിരുന്നു ഇവരുടെ വിവാഹം. ഗാർഹിക പീഡന പരാതികളും പൊലീസ് ഇടപെടലും ഇതിനു മുമ്പും പലവട്ടം ഉണ്ടായിട്ടുണ്ട്. മറ്റ് കേസുകളുടേതടക്കം വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ത്യയിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമമാണ് 2019ലെ മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമം. എസ്.എം.എസ്, വാട്സ്ആപ്പ്, കത്ത് അല്ലെങ്കിൽ നേരിട്ട് തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ഈ നിയമപ്രകാരം അസാധുവാണ്. മുത്തലാഖ് ചൊല്ലുന്ന ഭർത്താവിന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. മജിസ്‌ട്രേറ്റിന് മാത്രമേ ജാമ്യം അനുവദിക്കാൻ അധികാരമുള്ളൂ. അതിനുമുമ്പ് ഭാര്യയുടെ ഭാഗംകൂടി കോടതി കേൾക്കേണ്ടതുണ്ട്. മുത്തലാഖിന് ഇരയായ സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ഭർത്താവിൽനിന്ന് ഉപജീവനത്തിനുള്ള തുക ലഭിക്കാൻ അർഹതയുണ്ട്.