വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ്;  പൊലീസിന് വീഴ്ചയില്ലെന്ന് ആലപ്പുഴ എസ് പി

കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും കേസില്‍ പൊലീസിന് ഒന്നും ഒളിക്കാനില്ലെന്നും കേസിന്റെ ഗ്രാവിറ്റി മനസ്സിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണെന്നും എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.

 

 ആലപ്പുഴ: വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ്പി. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും കേസില്‍ പൊലീസിന് ഒന്നും ഒളിക്കാനില്ലെന്നും കേസിന്റെ ഗ്രാവിറ്റി മനസ്സിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണെന്നും എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.

ആദ്യദിനം പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. എന്നാല്‍ കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കും. ഒരുപക്ഷെ ബലാല്‍ക്കാരം ഉണ്ടാകാതെ, ശാരീരിക ഉപദ്രവം മാത്രം ഉണ്ടായത് കാരണമാകും വൈദ്യപരിശോധന നടത്താതിരുന്നത് എന്നാണ് കരുതുന്നത്. ആശുപത്രിയില്‍ വെച്ച് അതിക്രമം ഒന്നും ഉണ്ടായിട്ടില്ല എന്നും എസ്പി മോഹനചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ നിന്ന് എത്രയും വേഗം സിഡ്ചാര്‍ജ് വാങ്ങി പോകണമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം പരിശോധിക്കും. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പിക്ക് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ കുറഞ്ഞ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ശരിയല്ല. അക്കാര്യം താന്‍ പരിശോധിച്ചതാണ്. പ്രഥമദൃഷ്ട്യാ വീഴ്ചകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും എസ്പി പറഞ്ഞു.