ആലപ്പുഴയിൽ പെട്രോൾ പമ്പിൽ അശ്രദ്ധമായി വാഹനമെടുത്ത് ഡ്രൈവർ, ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി ജീവനക്കാരന് ഗുരുതര  പരിക്ക്  

 

 ആലപ്പുഴ: പെട്രോൾ പമ്പിലെ ഡിസ്‌പെൻസർ ഹോസ് കാറിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ജീവനക്കാരന് ഗുരുതര പരിക്ക്. ആലപ്പുഴ കളർകോട് പക്കി ജംഗ്ഷനിൽ ഈ മാസം ആറാം തീയതിയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പെട്രോൾ അടിച്ച ശേഷം ഡിസ്‌പെൻസർ നീക്കം ചെയ്യും മുമ്പ് കാർ മുന്നോട്ട് എടുക്കുകയും പെട്രോൾ അടിച്ചിരുന്ന ജീവനക്കാരനെയും വലിച്ചുകൊണ്ട് കാർ മുന്നോട്ട് പോവുകയുമായിരുന്നു. ഇടത് കൈയ്ക്ക് സ്വാധീനം കുറവുള്ളതിനാൽ പെട്ടെന്ന് ഡിസ്‌പെൻസർ ഹോസ് വലിച്ച് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വർഷങ്ങളായി പെട്രോൾ പമ്പിലെ ജീവനക്കാരനാണ് ഇയാൾ. കാറിലുണ്ടായിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരത്തിൽ അപകടത്തിന് കാരണമായത്. പമ്പ് ജീവനക്കാരന്റെ വാരിയെല്ലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.