ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തും:മന്ത്രി കെ മുരളീധരൻ

ആലപ്പുഴ ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

 

ആലപ്പുഴ : ആലപ്പുഴ ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഇതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ (DME) ചുമതലപ്പെടുത്തി. ഡി.എം.ഇ എല്ലാ മാസവും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ എം.പിയുടെയും എം.എൽ.എമാരുടെയും സാന്നിധ്യത്തിൽ വിലയിരുത്തും. ആരോഗ്യവകുപ്പ് മന്ത്രി ആറുമാസത്തിലൊരിക്കൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് പകരം ആളുകൾ ചുമതലയേറ്റതിനു ശേഷം മാത്രമേ ജോലിയിൽ നിന്ന് വിടുതൽ ചെയ്യുകയുള്ളൂ എന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻസി പോസ്റ്റുകൾ കൂട്ടാനും തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. എം.പി മുൻകൈയെടുത്ത് സ്ഥാപിച്ച പി.എം.എസ്.എസ്.വൈ (PMSSY) കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഈ പ്രവൃത്തികൾ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എത്രയും പെട്ടെന്ന് പണികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവാർഡ് തുടങ്ങുന്നതിന് കെ.എച്ച്.ആർ.ഡബ്ല്യു.എസിന് (KHRWS) നിർദ്ദേശം നൽകി. 

ആലപ്പുഴ മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെ പറ്റി ഓഡിറ്റ് നടത്താൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. എല്ലായിടത്തും പുതിയ എച്ച്.ഡി.എസ് കമ്മറ്റികൾ രൂപീകരിക്കും. ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ സി.ടി സ്കാനും ക്രിട്ടിക്കൽ കെയറിന് വേണ്ടിയുള്ള മറ്റുള്ള സൗകര്യങ്ങളും ഉടൻ തന്നെ ആരംഭിക്കും. എല്ലാ ടെസ്റ്റുകളും മെഡിക്കൽ കോളേജിന് അകത്തുതന്നെ ചെയ്യുന്ന സൗകര്യം ഉടൻ ഏർപ്പാടാക്കും. പുറത്തേക്ക് സ്വകാര്യ ലാബുകളിലേക്ക് ഇവിടുന്ന് യാതൊരുവിധ ടെസ്റ്റുകളും ചെയ്യാൻ എഴുതി കൊടുക്കരുതെന്ന് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആംബുലൻസുകളെ മെഡിക്കൽ കോളേജിൽ നിന്നും ഒഴിവാക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ ചില ജീവനക്കാർ പുറത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; അത് കർശനമായി നിരോധിച്ചിട്ടുണ്ട്. എം.പിയും എം.എൽ.എമാരും ആലപ്പുഴ മെഡിക്കൽ കോളേജിലെ കുറെ പോസ്റ്റുകൾ മാറ്റിയതായി പറഞ്ഞിരുന്നു, ആ പോസ്റ്റുകൾ എല്ലാം തന്നെ പുനഃസ്ഥാപിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനായി തീരുമാനിച്ചിട്ടുണ്ട്. ബാനർ കെട്ടിയും കൊടികെട്ടിയുമുള്ള ഭക്ഷണ വിതരണം വേണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സംവിധാനം സംസ്ഥാനത്തെ മറ്റുള്ള മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ഭക്ഷണം നൽകാൻ ആഗ്രഹമുള്ളവർക്ക് ഭക്ഷണം കമ്മ്യൂണിറ്റി കിച്ചനിൽ ഏൽപ്പിക്കാവുന്നതാണ്.
ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരവും വൃത്തിയായും മാലിന്യരഹിതമായും സൂക്ഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി. അനധികൃതമായ ഒരു പാർക്കിംഗും മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ അനുവദിക്കുകയില്ല. ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ അദാലത്തിൽ മറ്റുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങളും വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കും.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് വളരെ നിർണായകമായ യോഗമാണെന്നും നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങൾ യോഗത്തിൽ എടുക്കാൻ സാധിച്ചുവെന്നും കെ.സി. വേണുഗോപാൽ എം.പി മാധ്യമങ്ങളോട് പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളേജുമായി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളും പൊതുജനങ്ങളുടെ പരാതികളും വളരെ വിശദമായി തന്നെ യോഗത്തിൽ ചർച്ച ചെയ്തതായി എം.പി പറഞ്ഞു.ജീവനക്കാർ സ്ഥലമാറി പോകുമ്പോൾ പകരം ആളുകൾ വന്നതിനുശേഷം മാത്രം സ്ഥലം മാറി പോകുന്നവരെ വിടുതൽ ചെയ്യാനുള്ള തീരുമാനം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കുമെന്ന്
 എം.പി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും വർക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് നിർത്തലാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. ടാസ്ക് ഫോഴ്സ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ് എന്നിവർ സംബന്ധിച്ചു.