ആലപ്പുഴയെ ലോകോത്തര ടൂറിസം ഡെസ്റ്റിനേഷനാക്കും: കെ.സി.വേണുഗോപാല്‍ എംപി
സ്വദേശ് ദര്‍ശന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴയെ ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ആലപ്പുഴ : 'സ്വദേശ് ദര്‍ശന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴയെ ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആലപ്പുഴയുടെ ടൂറിസം വികസനത്തിന് വന്‍ കുതിപ്പേകുന്ന 94 കോടി രൂപയുടെ സമഗ്ര വിനോദസഞ്ചാര വികസന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ഇപ്പോള്‍ ലഭ്യമായതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
കേരളത്തിലെ പല ഡെസ്റ്റിനേഷനുകളും സ്വദേശ് ദര്‍ശന്‍' പദ്ധതിയില്‍ ഉള്‍പ്പെട്ടപ്പോള്‍ ആലപ്പുഴയെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലും വിനോദസഞ്ചാര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയിലും ആലപ്പുഴയെ ഒഴിവാക്കിയതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും, ആലപ്പുഴയെ കൂടി പദ്ധതിയില്‍ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയുടെ അന്തര്‍ദേശീയ പ്രാധാന്യം മുന്‍നിര്‍ത്തി കേന്ദ്ര ടൂറിസം മന്ത്രിയോട് പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. തുടര്‍ന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി, അഡിഷണല്‍ സെക്രെട്ടറി എന്നിവരുമായും ഇക്കാര്യം ആവശ്യപ്പെട്ടു നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചത്. ടൂറിസം രംഗത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സഹായമാണ് ആലപ്പുഴയ്ക്ക് ലഭ്യമാവുകയെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
ആലപ്പുഴ ബീച്ചിന്റെ സമഗ്ര വികസനം, ഹൗസ് ബോട്ട് ടെര്‍മിനലിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള പദ്ധതി, കനാലുകളുടെ സൗന്ദര്യവല്‍ക്കരണവും സംരക്ഷണവും എന്നിവയാണ് മുഖ്യമായും പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യാന്തര ക്രൂയിസ് ടെര്‍മിനല്‍, നടപ്പാതകള്‍, വിശ്രമ സൗകര്യങ്ങള്‍, സാംസ്‌കാരിക സമുച്ചയം എന്നിവയുള്‍പ്പെടെ ആലപ്പുഴ ബീച്ചിനെ അന്തര്‍ദ്ദേശീയ വിനോദസഞ്ചാര നിലവാരത്തിലേക്കുയര്‍ത്തുക, അതിനൊപ്പം ആലപ്പുഴ നഗരത്തിന്റെ ജീവനാഡികളായ കനാലുകളുടെ സൗന്ദര്യവല്‍ക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. ആലപ്പുഴയുടെ കായല്‍ വിനോദസഞ്ചാരരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഹൗസ് ബോട്ട് ടെര്‍മിനല്‍ ഉള്‍പ്പെടെ പദ്ധതിയില്‍ നിലവില്‍ വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.