ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസ് : അറസ്റ്റിലായവർ സെക്സ് റാക്കറ്റിലെയും പ്രധാനികൾ
പ്രതികളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ മൂന്നു യുവതികളെ കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് ആലപ്പുഴയിൽ വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്തിരുന്നു. കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പ്രതികൾ തങ്ങളെ അനാശാസ്യത്തിലേക്കു നയിച്ചെന്നും ദുരുപയോഗം ചെയ്തെന്നും മൊഴി നൽകി.
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുകടത്തു കേസിൽ ആലപ്പുഴയിൽ അറസ്റ്റിലായവർ പെൺവാണിഭ സംഘത്തിലെയും പ്രധാനികളെന്ന് എക്സൈസിനു സൂചന ലഭിച്ചു. സ്വർണം-കഞ്ചാവ് കടത്തിനൊപ്പം പെൺവാണിഭവും നടത്തിയിരുന്നുവെന്നാണ് ഇവരെ ചോദ്യംചെയ്തതിൽനിന്നു ലഭിച്ച വിവരം. എക്സൈസ് കസ്റ്റഡിയിലുള്ള തസ്‌ലിമാ സുൽത്താന (ക്രിസ്റ്റീന-41), ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കെ. ഫിറോസ് (26) എന്നിവരെ ചോദ്യംചെയ്യുന്നതു തുടരുകയാണ്.
പ്രതികളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ മൂന്നു യുവതികളെ കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് ആലപ്പുഴയിൽ വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്തിരുന്നു. തസ്‌ലിമയുടെ സുഹൃത്തുക്കളാണെന്നാണ് ഇവർ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് നിലപാടു മാറ്റി. കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പ്രതികൾ തങ്ങളെ അനാശാസ്യത്തിലേക്കു നയിച്ചെന്നും ദുരുപയോഗം ചെയ്തെന്നും മൊഴി നൽകി.
ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് ബന്ധപ്പെട്ട ഏജൻസികളുടെ സഹായം തേടും. കൊച്ചിയിൽ വാടകയ്ക്കു താമസിച്ചിരുന്ന ലോഡ്ജുകളിൽ പ്രതികളുമായി തെളിവെടുക്കാനും തീരുമാനിച്ചു. 24-നു വൈകീട്ടു വരെയാണ് പ്രതികൾ എക്സൈസ് കസ്റ്റഡിയിലുണ്ടാവുക.