ആലപ്പുഴയിൽ ബൈക്കിനെ പിന്തുടർന്ന് പോലീസ് വാൻ കുറുകേയിട്ട് 2 പേർ മരിച്ച അപകടം; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്ന് പോലീസ് വാൻ കുറുകേയിട്ടുണ്ടായ അപകടത്തിൽ സ്ത്രീയടക്കം രണ്ടുപേർ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. സ്ത്രീയുടെ ആശ്രിതർക്ക് 23 ലക്ഷം രൂപയും പലിശയും നൽകണമെന്ന് ആലപ്പുഴ ജില്ലാ വാഹനാപകട ട്രിബ്യൂണൽ എ.എം. ബഷീർ ഉത്തരവിട്ടു.
മണ്ണഞ്ചേരി : ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്ന് പോലീസ് വാൻ കുറുകേയിട്ടുണ്ടായ അപകടത്തിൽ സ്ത്രീയടക്കം രണ്ടുപേർ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. സ്ത്രീയുടെ ആശ്രിതർക്ക് 23 ലക്ഷം രൂപയും പലിശയും നൽകണമെന്ന് ആലപ്പുഴ ജില്ലാ വാഹനാപകട ട്രിബ്യൂണൽ എ.എം. ബഷീർ ഉത്തരവിട്ടു. പരിക്കേറ്റ ഭർത്താവിനും മക്കൾക്കുമായി 10.42 ലക്ഷം രൂപയും പലിശയും നൽകണം. അന്നത്തെ സംസ്ഥാന പോലീസ് മേധാവിയെ ഉൾപ്പെടെ പ്രതിയാക്കി ഫയൽചെയ്ത കേസിൽ സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ദേശീയപാത 66-ൽ ചേർത്തല എസ്.എൻ. കോളേജിനു സമീപം 2018 മാർച്ച് 11-നു പുലർച്ചെയായിരുന്നു സംഭവം. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന മുഹമ്മ കിഴക്കേ തയ്യിൽ ക്ഷേബു(48)വും കുടുംബവും സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ ഹൈവേ പോലീസാണ് വാൻ കുറുകേയിട്ട് തടയാൻ ശ്രമിച്ചത്. ക്ഷേബുവിനു പുറമേ ഭാര്യ സുമി (33), മക്കളായ ഹർഷ (11), ശ്രീലക്ഷ്മി (3) എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. വാനിൽ ഇടിക്കാതിരിക്കാൻ ക്ഷേബു ബൈക്ക് വലത്തേക്കു വെട്ടിച്ചതിനെത്തുടർന്ന് എതിർദിശയിൽനിന്ന് എത്തിയ ബൈക്ക് ക്ഷേബുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഭാര്യ സുമി, എതിർദിശയിൽനിന്നു വന്ന ബൈക്ക് ഓടിച്ചിരുന്ന ചാരമംഗലം തിരുവിഴ മോഹനപറമ്പിൽ വിച്ചു (26) എന്നിവർ മരിച്ചു. വിച്ചു സംഭവസ്ഥലത്തും സുമി ചികിത്സയിലിരിക്കേ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
വിച്ചുവിന്റെ കുടുംബത്തിന് 18.45 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകാനും സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റിനോട് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിൽ ക്ഷേബുവിനും മക്കൾക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽനിന്ന് ഹൈവേ പോലീസിനെ രക്ഷിക്കാൻ ക്ഷേബുവിനെ പ്രതിയാക്കിയാണ് മാരാരിക്കുളം പോലീസ് ആദ്യം കേസ് രജിസ്റ്റർചെയ്തത്. തുടർന്ന്, പോലീസിനെതിരേ ക്ഷേബു കഞ്ഞിക്കുഴി ഗ്രാമന്യായാലയത്തെ സമീപിച്ചു.
അലക്ഷ്യമായി ബൈക്കോടിച്ച ക്ഷേബുവിനെ തടഞ്ഞ് ഉപദേശിക്കാനാണ് പിന്നാലെ പാഞ്ഞെത്തിയതെന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റിപ്പോർട്ട് ചെയ്തു. ഇതിനെതിരേ വീണ്ടും ന്യായാലയത്തെ സമീപിച്ചതോടെ പോലീസ് വാൻ ഡ്രൈവർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടു. തുടർന്ന്, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.യെ അന്വേഷണവിധേയമായി അന്നത്തെ ജില്ലാ പോലീസ് മേധാവി സസ്പെൻഡുചെയ്തിരുന്നു.
വാദിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ജെയിംസ് ചാക്കോ, ജോസ് വൈ. ജെയിംസ്, കെ.പി. ജോബി എന്നിവർ കോടതിയിൽ ഹാജരായി.