പെണ്ണ് കിട്ടാൻ ഇനി നാട് ചുറ്റേണ്ട ; ഇടനിലക്കാരും വേണ്ട , വിവാഹത്തിന് 'അക്ഷയ മാട്രിമോണി'യുമായി കാസർകോട് ജില്ലാ പഞ്ചായത്ത്
കല്യാണം കഴിക്കാൻ ഇനി വരനെയോ വധുവിനെയോ അന്വേഷിച്ച് നാടുചുറ്റേണ്ട. ഇടനിലക്കാരെയോ സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ആശ്രയിക്കുകയും വേണ്ടാ. പിന്നെങ്ങനെ എന്നല്ലേ ?
വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം.
കാസർകോട്:കല്യാണം കഴിക്കാൻ ഇനി വരനെയോ വധുവിനെയോ അന്വേഷിച്ച് നാടുചുറ്റേണ്ട. ഇടനിലക്കാരെയോ സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ആശ്രയിക്കുകയും വേണ്ടാ. പിന്നെങ്ങനെ എന്നല്ലേ ?
വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ ആശങ്കയില്ലാതെ പങ്കാളിയെ കണ്ടെത്താം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ അക്ഷയ ’അക്ഷയ മാട്രിമോണിയൽ’ പോർട്ടൽ തുടങ്ങുന്നത്. പദ്ധതിയുടെ വിശദ പദ്ധതിരേഖ ജില്ലാപഞ്ചായത്തിന്റെ പരിഗണനയിലാണ്. ഒരുവർഷത്തേക്ക് 15 ലക്ഷം രൂപയാണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട്ട് നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റ് ജില്ലകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
വിവരശേഖരണം നടത്താൻ ആവശ്യമായ തുക മാത്രമാണ് രജിസ്ട്രേഷൻ ഫീസായി വാങ്ങുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടെ വിവരങ്ങളടങ്ങിയ പ്രൊഫൈൽ തയ്യാറാക്കി പോർട്ടലിലിടാം. രജിസ്ട്രേഷൻ സമയത്ത് ഓരോരാൾക്കും ഐ.ഡി.യും പാസ്വേഡും ലഭിക്കും. പിന്നീട് ഈ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് മൊബൈൽ ഫോണിലോ അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തിയോ ഇഷ്ടപ്പെട്ട പ്രൊഫൈലിന് ’ഇൻട്രസ്റ്റ് ’ കൊടുക്കാം.
ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും പെൺകുട്ടികളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമായി രണ്ടാംഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. കാസർകോട് ജില്ലയിലേക്ക് കർണാടകയിൽനിന്നും കൂർഗിൽനിന്നും ബ്രോക്കർമാരുടെ സഹായത്തോടെ സ്ത്രീകളെ കല്യാണം കഴിച്ചു കൊണ്ടുവരുന്നുണ്ട്. അവിടത്തെ ജനപ്രതിനിധികളോടും തദ്ദേശസ്ഥാപനങ്ങളോടും സഹകരിച്ച് കല്യാണപ്രായമായ ആൾക്കാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ നൽകി കല്യാണം ആലോചിക്കാനുള്ള സൗകര്യമൊരുക്കും.