'ഞാൻ മുക്കം മുഹമ്മദിനെ വെട്ടിയില്ല, തീരുമാനമെടുത്തത് ദേശീയ നേതൃത്വം ആണ്' ; സീറ്റ് കിട്ടാത്ത പ്രയാസം കൊണ്ടാണ് ആരോപണം ഉന്നയിക്കുന്നതെന്ന് എകെ ശശീന്ദ്രൻ

എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ വിമത നീക്കത്തിന് സാധ്യതയുണ്ടെന്ന വാർത്തകൾക്കിടെ താൻ എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ലെന്നും ആര് മത്സരിക്കണമെന്ന തീരുമാനമെടുത്തത് ദേശീയ നേതൃത്വം ആണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
 

 കോഴിക്കോട്: എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ വിമത നീക്കത്തിന് സാധ്യതയുണ്ടെന്ന വാർത്തകൾക്കിടെ താൻ എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ലെന്നും ആര് മത്സരിക്കണമെന്ന തീരുമാനമെടുത്തത് ദേശീയ നേതൃത്വം ആണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. എലത്തൂരിൽ അദ്ദേഹം വിമത സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നില്ലെന്നും ജില്ല കൺവീനർ കൂടിയായ അദ്ദേഹം മുന്നണിക്ക് ദോഷം ചെയ്യില്ല എന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.

സീറ്റ് കിട്ടാത്ത പ്രയാസം കൊണ്ട് അദ്ദേഹം താനാണ് എതിരു നിന്നതെന്ന ആരോപണം ഉന്നയിക്കുന്നത്. ഇനി മത്സരിക്കില്ല എന്ന് പാർട്ടിയിൽ ഞാൻ നേരത്തെ പറഞ്ഞിട്ടില്ല. കോഴിക്കോട്ടെ ഒരു കമ്മിറ്റിയും യുവാക്കളുടെ പേര് നിർദേശിച്ചിരുല്ല. തനിക്കെതിരെ പ്രമേയം പാസാക്കിയവർ പോലും യുവാക്കളെ നിർദേശിച്ചിട്ടില്ല. കുറഞ്ഞ സീറ്റിൽ മത്സരിക്കുന്നവർക്ക് എല്ലാ മാനദണ്ഡ‍വും പാലിക്കാനാകില്ലെന്നും എലത്തൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശുപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ശശീന്ദ്രനടക്കം പറയുന്നത്.

അതേസമയം എലത്തൂരിൽ എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മത്സരിക്കണമെന്ന് തിങ്കളാഴ്ച വൈകുന്നേരം ചേർന്ന ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിൽ ധാരണയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടറിമാരായ പി. സുധാകരൻ, ഒ. രാജൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മത്സരരംഗത്ത് ഉറച്ചുനിൽക്കാനാണ് മുക്കം മുഹമ്മദ് വിഭാഗത്തിന്റെ തീരുമാനം. ഇത് എലത്തൂരിൽ എൽ ഡി എഫിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.